തിരുവനന്തപുരം: അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തരമായി സാമ്പത്തിക സഹായം എത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ആശ്വാസനിധി. ലൈംഗികാതിക്രമം, ആസിഡ് ആക്രമം, നിഷ്ഠൂരമായ കുറ്റകൃത്യം എന്നിവയ്ക്ക് ഇരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായമേകാനാണ് ആശ്വാസനിധി രൂപീകരിക്കുന്നത്. നിലവിലുള്ള നഷ്ടപരിഹാര പദ്ധതിക്ക് പുറമേയാണ് പുതിയ പദ്ധതി.
വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍ഭയ സെല്‍ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രി കെകെ ശൈലജയുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ പദ്ധതി രൂപരേഖ വര്‍ക്കിങ് ഗ്രൂപ്പ് അംഗീകാരമായി. പദ്ധതിയ്ക്കായി ആദ്യഘട്ടത്തില്‍ മൂന്നുകോടി രൂപ വകയിരുത്തി.
കുട്ടികള്‍ അതിക്രമത്തിനിരയായാല്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസറും സ്ത്രീകളാണെങ്കില്‍ വനിതാ സംരഷണ ഓഫീസറും സംഭവം റിപ്പോര്‍ട്ട് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ അതിക്രമത്തിനിരയായവരെയും കുടുംബത്തെയും സന്ദര്‍ശിക്കണം. വനിതാ കൗണ്‍സിലര്‍, വനിതാ പൊലീസ് ഓഫീസര്‍, നിര്‍ഭയ സെല്‍ പ്രോഗ്രാം ഓഫീസര്‍ എന്നിവരും ഒപ്പമുണ്ടാകും.
അതിക്രമത്തെ തുടര്‍ന്നുണ്ടായ ശാരീരിക, മാനസിക ആഘാതം, ജീവിതത്തിനും ജീവിതോപാധിക്കുമുണ്ടായ നഷ്ടം, കുടുംബത്തിന്റെ സാമൂഹ്യ സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സംഘം ശേഖരിക്കും. തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ സഹായമായി അനുവദിക്കേണ്ട തുക ഉള്‍പ്പെടെ പ്രാഥമിക റിപ്പോര്‍ട്ട് വനിതാ ശിശുവികസന ഡയറക്ടര്‍ക്കും നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ക്കും നല്‍കണം.
റിപ്പോര്‍ട്ട് സ്വീകരിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ബാങ്ക് അക്കൗണ്ടില്‍ തുക നിക്ഷേപിക്കും. ആരോഗ്യ, നിയമ സേവനങ്ങളും പോലീസ് സംരക്ഷണവും ഉള്‍പ്പെടെയുള്ള സാമ്പത്തികേതര സഹായവും ലഭ്യമാക്കും.