ആലപ്പുഴ: ത്രിപുരയില്‍ നടന്ന ചരിത്രപരമായ മാറ്റം കേരളത്തിലും ഉണ്ടാകാമെന്ന മുന്നറിയിപ്പ് നല്കി ഡിവൈഎഫ്ഐ അഖിലേന്ത്യ നേതാവ് മുഹമ്മദ് റിയാസ്. അരൂരില്‍ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായ 25 വര്‍ഷം ഭരിച്ച ഇടത് സര്‍ക്കാരിനെ താഴെയിറക്കാനായി കോണ്‍ഗ്രസ് സംഘപരിവാര്‍ പാളയത്തില്‍ എത്തിയതാണ് ചരിത്രം വഴിമാറാന്‍ ഇടയാക്കിയത്. ആ മാറ്റം കേരളത്തിനും വിദൂരമല്ലെന്നാണ് മുഹമ്മദ് റിയാസ് മുന്നറിയിപ്പ് നല്‍കുന്നത്.
അത്തരത്തില്‍ കോണ്‍ഗ്രസ് സംഘപരിവാര്‍ പാളയത്തില്‍ സഞ്ചരിക്കുന്നതിന് തെളിവാണ് സംസ്ഥാനത്ത് ഉടനീളം കാണപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതാക്കളുടെ നിലപാട് സ്വയം കുഴി തോണ്ടുന്നതിന് ഇടയാക്കുമെന്ന് കണ്ട് തിരുത്തിക്കാന്‍ കോണ്‍ഗ്രസ്സിലെ സെക്യുലര്‍ മനസ്സുകള്‍ രംഗത്ത് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരക്കാര്‍ക്ക് നേരെ ഭീഷണി ഉയര്‍ന്നാല്‍ സംരക്ഷണം നല്കാന് തയ്യാറാണെന്നും ഡിവൈഎഫ്ഐ നേതാവ് വ്യക്തമാക്കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാറിനെ നിലനിര്‍ത്തുന്നത് മൃദു ഹിന്ദുത്വ സമീപനം ആണ്.
ആ സമീപനപാതിയിലാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ സഞ്ചാരം. ഇത് അങ്ങേയറ്റം ഭീതിജനകമാണെന്നും റിയാസ് തുറന്നടിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്ക് വേണ്ടി ചാരപ്പണി നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നിലപാടില്‍ പ്രതിഷേധമുള്ള യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ഡിവൈഎഫ്ഐയിലേയ്ക്ക് വരാമെന്നും യാതൊരു തടസവും ഉണ്ടാകില്ലെന്നും നേതാവ് പറയുന്നു. സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ ട്രഷറര്‍ ബിജു സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി മനു സി പുളിക്കന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ശബരിമല സ്ത്രീപ്രവേശനത്തില്‍ രാഷ്ട്രീയകളികളാണ് ഇപ്പോള്‍ ചൂടുപിടിക്കുന്നത്. സുപ്രീംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത കോണ്‍ഗ്രസും ബിജെപിയും വിശ്വാസികളുടെ പ്രതിഷേധത്തില്‍ ശേഷം മലക്കം മറിയുകയായിരുന്നു. സംഭവത്തില്‍ സമരം വരെ ആഹ്വാനം ചെയ്ത ബിജെപിയ്ക്കൊപ്പം പരസ്യ പ്രതിഷേധത്തിന് ഇല്ലെന്ന് പറയുമ്പോഴും സംഘപരിവാറിന്റെ അതേ പാളയത്തിലാണ് കോണ്‍ഗ്രസിന്റെയും സഞ്ചാരം. രാുഹല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ കോടതി വിധിയെ സ്വാഗതം ചെയ്യുമ്പോഴും സംസ്ഥാന നേതൃത്വം മൗനത്തിലാണ്. തങ്ങളുടെ വ്യക്തിപരമായ അഭിപ്രായം എന്ന നിലയ്ക്കാണ് നേതാക്കള്‍ വിധിയെ എതിര്‍ക്കുന്നത്. എന്നാല്‍ മുന്നോട്ട് നീങ്ങുന്നത് പൂര്‍ണ്ണമായും ബിജെപി പാതയിലൂടെയാണ്. ഈ മാറ്റമാണ് കേരളത്തിന്റെ ചരിത്രം വഴിമാറാനുള്ള കാണമായി മുഹമ്മദ് റിയാസ് ചൂണ്ടിക്കാണിക്കുന്നത്.