കോട്ടയ്ക്കല്‍: സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ക്ലാസ്മുറികളുള്ള സ്കൂള്‍ എന്ന റെക്കോര്‍ഡും ഇനി ഏറ്റവും കൂടുതല്‍ എ പ്ലസുകാരുള്ള സ്കൂള്‍ എന്ന ബഹുമതിയുള്ള എടരിക്കോട് പികെഎംഎച്ച്എസ്എസിന്.
138 ക്ലാസ് മുറികളാണ് വിദ്യാഭ്യാസവകുപ്പിന്റെയും സ്കൂള്‍ മാനേജ്മെന്റിന്റെയും സഹകരണത്തോടെ ഹൈടെക് ആയി മാറിയത്. പ്രൊജക്ടര്‍, ലാപ്ടോപ്പ്, സൗണ്ട് സിസ്റ്റം എന്നിവയുള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് ക്ലാസ്മുറികള് ഒരുക്കിയിട്ടുള്ളത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സ്മാര്‍ട്ട് ക്ലാസ്മുറികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
അറിവിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള ഉപകരണമായി സ്മാര്‍ട്ട് ക്ലാസ്മുറികള് ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളംമാറുമെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആയിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
അടുത്ത അധ്യയനവര്‍ഷത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എല്‍പി, യുപി സ്കൂളുകളും ഹൈടെക് ആക്കും. 141 സ്കൂളുകളില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി 300 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.