തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കെപിസിസി നിര്‍വാഹകസമിതി അംഗവുമായിരുന്ന ജി രാമന്നായര് ഉള്‍പ്പെടെ അഞ്ചുപേര്‍ ബിജെപിയില്‍ ചേര്‍ന്നു. ശനിയാഴ്ച രാത്രി ഹോട്ടല്‍ താജിലെ കൂടിക്കാഴ്ചയില്‍ ഇവരെ ദേശീയാധ്യക്ഷന്‍ അമിത്ഷാ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്കു സ്വീകരിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി മാധവന് നായര്‍, യുഡിഎഫ്.സര്‍ക്കാരിന്റെ കാലത്ത് വനിതാ കമ്മീഷന് അംഗമായിരുന്ന ഡോ. പ്രമീളാദേവി, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന് നായര്‍, മലങ്കരസഭയില്‍നിന്നുള്ള തോമസ് ജോണ്‍ എന്നിവരാണ് ബിജെപിയുടെ ഭാഗമായത്.
ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തതിന് രാമന്നായരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. പന്തളം കൊട്ടാരം നിര്‍വാഹസമിതി പ്രസിഡന്റ് പിജി ശശികുമാരവര്‍മ, മറ്റു ഭാരവാഹികള്‍, ശബരിമലയുമായി ബന്ധപ്പെട്ടു സമരത്തിലുള്ള സംഘടനാപ്രതിനിധികള്‍ തുടങ്ങിയവരും അമിത് ഷായെ കണ്ടു. ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ വിശദീകരിച്ച് പന്തളം കൊട്ടാരം അമിത് ഷായ്ക്ക് നിവേദനം നല്കി.
പുതുതായി പാര്‍ട്ടിയിലെത്തിയവരെ സ്വീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി അടച്ചിട്ട മുറിയില്‍ ചര്‍ച്ചയും നടന്നു. സംസ്ഥാനാധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, വിമുരളീധരന്‍ എംപി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷ്, കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി തുടങ്ങിയവരും ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെ പത്തിന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത ശേഷം അമിത് ഷാ ന്യൂഡല്‍ഹിക്കു മടങ്ങും.