കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന് ദിലീപ് താരസംഘടനയായ എഎംഎംഎയില്‍ നിന്ന് രാജിവെച്ചു. സംഘടനയിലെ ഒരു പുത്രിയെ ഉപദ്രവിച്ചിട്ടും ദിലീപിന് നല്കുന്ന പരിഗണനയില്‍ ഒരു വിഭാഗക്കാരില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ 90 ദിനങ്ങളോളമാണ് ദിലീപ് ജയിലില്‍ കഴിഞ്ഞത്. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനു ശേഷം നടനെ സംഘടന തിരിച്ചെടുക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാല് നടിമാര്‍ രാജിവെച്ചിരുന്നു. നടനെ തിരിച്ചെടുത്ത തീരുമാനത്തെ തുടര്‍ന്ന് താരസംഘടന രണ്ടായി പിളരുന്ന സാഹചര്യം വരെ എത്തിയിരുന്നു. സ്ത്രീകള്‍ക്കായി ഡബ്ല്യുസിസി എന്ന മറ്റൊരു സംഘടന കൂടി മലയാള ചലച്ചിത്ര രംഗത്ത് പ്രത്യക്ഷപ്പെട്ടു. തിരിച്ചെടുത്ത നടപടിയില്‍ വന്‍ പ്രതിഷേധം കടുപ്പിച്ച് ഇന്നലെ ഡബ്ല്യുസിസി പത്രസമ്മേളനം വിളിച്ചു വരുത്തി. രൂക്ഷ വിമര്‍ശനങ്ങളാണ് സംഘടനയ്ക്കെതിരെ ഉയര്‍ന്നത്. ഉറച്ച നിലപാടുകളുമായി മുന്പോട്ട് പോകുവാനാണ് താരങ്ങളുടെ നിലപാട്.
ഈ സാഹചര്യത്തിലാണ് നടന് ദിലീപ് രാജി സന്നദ്ധത അറിയിച്ചത്. രാജിക്കാര്യം നടനും സംഘടനയുടെ പ്രസിഡന്റുമായ മോഹന്‍ലാലിനെ വിളിച്ച് അറിയിച്ചതായാണ് വിവരം. പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് വിട്ടു നില്‍ക്കുകയാണെന്നാണ് അറിയിച്ചത്. സംഘടനാ എക്സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്നു ദിലീപിന്റെ രാജിക്കാര്യം ചര്‍ച്ചചെയ്യും.