കൊച്ചി: മുളകുപൊടി നിരോധിക്കാനായി ഹൈക്കോടതിയില്‍ ഹര്‍ജി. സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന മുളകുപൊടിയില്‍ 86 ശതമാനത്തിലും മാരക കീടനാശിനിയായ എത്തിയോണ്‍ അടങ്ങിയിട്ടുള്ളതിനാല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ ലിയോനാര്‍ഡ് ജോണാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
മുളക് ചെടിയെ ബാധിക്കുന്ന കീടങ്ങളെ തുരത്തുന്നതിനാണ് പൊതുവെ എത്തിയോണ്‍ കൃഷിയിടങ്ങളില്‍ പ്രയോഗിക്കുന്നത്. ഇത് ശരീരത്തിലെത്തുന്നത് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാനത്തെ വിപണിയിലുള്ള 94 കറി പൗഡറുകള്‍ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് 22 ബ്രാന്‍ഡുകളില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ അളവില്‍ എത്തിയോണ്‍ കണ്ടെത്തിയത്.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണിയിലെ ലാബിലാണ് പരിശോധന നടത്തിയത്. എത്തിയോണ്‍ ശരീരത്തില്‍ കടന്നാല്‍ ഛര്‍ദ്ദി, വയറിളക്കം, തലവേദന, വിയര്‍ക്കല്‍, തളര്‍ച്ച, പ്രതികരണ ശേഷി കുറയുക, സംസാരം മന്ദഗതിയിലാവുക എന്നിവയ്ക്ക് പുറമേ മരണത്തിനും കാരണമായേക്കാമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കുട്ടികളുടെ വളര്‍ച്ചയെയും ഗര്‍ഭിണികളെയും എത്തിയോണിന്റെ ഉപയോഗം ബാധിക്കുമെന്നും സന്ധിവാതം ഉണ്ടാകുന്നതിനും കാഴ്ചയും ഓര്‍മ്മയും നഷ്ടപ്പെടുന്നതിനും ഇത് കാരണമാകുമെന്നും കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.