തിരുവനന്തപുരം: അറബിക്കടല്‍ മിനിക്കോയി ദ്വീപിന് പടിഞ്ഞാറായി വെള്ളിയാഴ്ച ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നതായി കാലാവസ്ഥ വകുപ്പ്. അടുത്ത 36 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് വടക്കു പടിഞ്ഞാറേയ്ക്ക് നീങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. എട്ടാം തീയതിയോടെ ഇത് ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് പോകും. ഇതിന്റെ സ്വാധീനംകാരണം കേരളത്തില്‍ തിങ്കളാഴ്ചവരെ അതിശക്തമായ മഴയുണ്ടാകും.
ഞായറാഴ്ച അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച മുതല്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാം. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിനടുത്തായി മറ്റൊരു അന്തരീക്ഷച്ചുഴിയും രൂപം കൊണ്ടിട്ടുണ്ട്. ഇതും സംസ്ഥാനത്തെ സ്ഥിതി ഗതികള്‍ വഷളാക്കിയേക്കാം എന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ അതിജാഗ്രതാ നിര്‍ദേശമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് പിന്‍വലിച്ചു. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഇടുക്കിയിലും മലപ്പുറത്തുമാണ് റെഡ് അലര്‍ട്ട്.
ഇടുക്കിയില്‍ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്ട് തിങ്കളാഴ്ചയും ഓറഞ്ച് അലര്‍ട്ട് നല്കി. വെള്ളിയാഴ്ചമുതല്‍ കടല്‍ അങ്ങേയറ്റം പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തത്തിന് പോകുന്നതിന് വിലക്കുണ്ട്. മത്സ്യത്തൊഴിലാളികളോട് തിരികെയെത്താനും ആവശ്യപ്പെട്ടു. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഞായറാഴ്ച അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ലക്ഷദ്വീപില്‍ ശനിയാഴ്ച റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്കി.
ശക്തമായ മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ പല ജില്ലകളിലും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയേറെയാണെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. കേരളത്തെ മുഴുവന്‍ ബാധിച്ച ഒരു പ്രളയം കടന്നുപോയതിനാല്‍ പ്രകൃതിക്ക് കാലാവസ്ഥാമാറ്റങ്ങള്‍ താങ്ങാനുള്ള ശേഷി കുറവാണ്. പലയിടങ്ങളിലും പ്രളയത്തിന് ശേഷം ഭൂമി വിണ്ടുകീറി. 20 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള കുന്നുകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതിജാഗ്രത പുലര്‍ത്തണമെന്നും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന് ഡോ. എംജി മനോജ് പറഞ്ഞു.