താമരശ്ശേരി: വഴിയില്‍ നിന്ന് വീണ് കിട്ടിയ പഴ്സ് ഉടമസ്ഥനെ തേടിപിടിച്ച് കണ്ടെത്തി തിരികെ നല്കി പ്രവാസി. മൈക്കാവ് സ്വദേശിയായ ഒറവപ്പാറ സണ്ണി എന്ന മുന്‍പ്രവാസി തൊഴിലാളിയുടെ സത്യസന്ധതയില്‍ ഉടമസ്ഥന് നഷ്ടപ്പെട്ടു എന്നു കരുതിയ മുപ്പതിനായിരം രൂപയാണ് തിരികെ ലഭിച്ചത്.
താമരശ്ശേരി എല്‍ഐസി ഓഫീസ് പരിസരത്ത് നിന്നുമാണ് പഴ്സ് വീണു കിട്ടിയത്. പണം വീണുകിട്ടിയ വിവരം തന്റെ സുഹൃത്തുക്കളെയും പോലീസിനെയും ഉടന്‍തന്നെ ഇദ്ദേഹം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഷ്ടപ്പെട്ട പണം തിരുവമ്പാടി സ്വദേശി മുഹമ്മദ് നബീലിന്റെതാണ് എന്ന് കണ്ടെത്തി.
പിന്നീട് ബുധനാഴ്ച താമരശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഗസ്റ്റിന്റയും തന്റെ സുഹൃത്തുക്കളുടെയും സാനിധ്യത്തില്‍ സണ്ണി പൊലിസ് സ്റ്റേഷനില്‍ എത്തി തുക അവകാശിയെ ഏല്‍പ്പിക്കുകയും ചെയ്തു. നന്മകള് അന്യം നിന്നുപോകുന്ന ഈ കാലഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനമാണ് സണ്ണിയുടേതെന്ന് സിഐ അഭിപ്രായപ്പെട്ടു.