പാമ്പാടി: നാട്ടുകാരുടെയും മറ്റും പ്രിയങ്കരനും കണ്ണിലുണ്ണിയുമാണ് പാമ്പാടി രാജന്. പനംപട്ടയും ശര്‍ക്കരയും പഴവും കഴിച്ച് വയറു നിറഞ്ഞാലും രാജന് നാലുമണി പലഹാരം ഇല്ലാതെ പറ്റില്ല. കൃത്യം നാലുമണിയ്ക്ക് മുന്‍പേ രാജന് എത്തും ശശികുമാറിന്റെ നന്ദന ഹോട്ടലില്‍.
ബോണ്ട, ഏത്തയ്ക്കാ അപ്പം, സുഖിയന്‍ തുടങ്ങിയവയാണ് രാജന്റെ ഇഷ്ട പലഹാരങ്ങള്‍. ഗജരാജന്‍ പതിവായി ഇതിന്റെ രുചി പകര്‍ന്നു നല്‍കുന്നത് ശശികുമാറാണ്. ഇഷ്ട ഭക്ഷണം മാത്രമാണ് പാമ്പാടി രാജന് ശശികുമാര്‍ നല്‍കുക. ഉത്സവ സീസണല്ലാത്ത സമയത്ത് ഉടമയുടെ മൂടന്കല്ലുങ്കല് വീട്ടിലെത്തുമ്പോള്‍ കുറ്റിക്കല്‍ തോട്ടിലെ കുളി പാമ്പാടി രാജന്റെ പതിവാണ്.
കുളി കഴിഞ്ഞു മടങ്ങും വഴി നന്ദന ഹോട്ടലിനു മുന്നിലെത്തിയാല്‍ രാജന് അവിടെ നില്‍പ്പാകും. ശശികുമാര്‍ നീട്ടുന്ന പലഹാരങ്ങള്‍ കഴിച്ചേ പിന്നെ മുന്നോട്ടു നീങ്ങൂ. വര്‍ഷങ്ങളായുള്ള ഈ കാഴ്ച കാണാന്‍ ആനപ്രേമികള്‍ എത്താറുണ്ട്. കുളി കഴിഞ്ഞശേഷം സൗത്ത് പാമ്പാടി സെന്റ് തോമസ് പള്ളിയിലും പാമ്പാടി ചെറുവള്ളിക്കാവ് ക്ഷേത്രത്തിലും വണങ്ങിയാണു രാജന്റെ മടക്കം.