തിരുവനന്തപുരം: ജില്ലാ പദ്ധതിയുടെ ഭാഗമായി പ്രളയക്കെടുതിയെ അതിജീവിക്കുന്നതിനായുള്ള സംയുക്ത പ്രൊജക്ടുകള്‍ തയ്യാറാക്കാന്‍ തദ്ദേശവകുപ്പ് അനുമതി നല്കി. ജനകീയാസൂത്രണത്തിന്റെ ഭാഗമായാണ് ഈ സാമ്പത്തിക വര്‍ഷംമുതല്‍ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ തദ്ദേശസ്ഥാപനങ്ങള്‍ സംയുക്തമായി ജില്ലാ പദ്ധതികള്‍ തയ്യാറാക്കുന്നത്. ഇത്തരം പദ്ധതികള്‍ക്ക് അനുമതി നല്കാന് ജില്ലാ വികസന സമിതിക്ക് നിര്‍ദേശം നല്കി.
അടിയന്തരമല്ലാത്തതും മാറ്റിവയ്ക്കാവുന്നതുമായ പ്രൊജക്ടുകള്‍, ജില്ലാ ആസൂത്രണ സമിതി നിരസിച്ച പദ്ധതികള്‍ എന്നിവയിലെ വിഹിതം പ്രളയക്കെടുതിമൂലം നശിച്ച ആസ്തികള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് ഉപയോഗിക്കാം. ഇതിനായി നിലവിലെ പ്രൊജക്ടുകളില്‍ മാറ്റം വരുത്താം. എന്നാല്‍, പ്രളയക്കെടുതി നേരിടാത്ത തദ്ദേശ സ്ഥാപനങ്ങളുടെ പ്രൊജക്ടുകള്‍ അഴിച്ചുപണിയാന്‍ അനുമതിയില്ല. വികേന്ദ്രീകൃതാസൂത്രണം സംസ്ഥാന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയോഗമാണ് ഈ തീരുമാനമെടുത്തത്.
ജലക്ഷാമം പരിഹരിക്കാന്‍ നിലവിലെ വാട്ടര്‍ കിയോസ്കുകള്‍ നന്നാക്കണം. അല്ലാത്തിടത്ത് പുതിയ കിയോസ്കുകള്‍ സ്ഥാപിക്കാനാവശ്യമായ ടാങ്കുകള്‍ വാങ്ങണം. കിണറുകള്‍ ശുചീകരിക്കുന്നതു വരെ വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധീകരിച്ച വെള്ളം ടാങ്കര്‍ ലോറികളില്‍ മുടങ്ങാതെ വിതരണംചെയ്യണം. ഉള്‍പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് വീതികുറഞ്ഞ റോഡുകള്ക്കനുയോജ്യമായ വാഹനം വാടകയ്ക്ക് എടുക്കണം. ബോട്ടുകളോ വള്ളങ്ങേളാ ഉപേയാഗിച്ചും കുടിവെള്ള വിതരണത്തിന് അനുമതി നല്കി.
കുട്ടനാട് അനുയോജ്യമായ കക്കൂസ് നിര്‍മിക്കുന്നതിന്റെ സാധ്യത റിപ്പോര്‍ട്ട് നല്കാന് ശുചിത്വമിഷനെ ചുമതലപ്പെടുത്തി. പ്രളയത്തില്‍ നശിച്ച പൊതുസ്ഥാപനങ്ങളിലെ ശൗചാലയങ്ങള്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുനര്‍നിര്‍മിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യാം. തദ്ദേശ സ്ഥാപനങ്ങളിലെ കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്തണം. അല്ലാത്തവയ്ക്കുപകരം പുതിയത് വാങ്ങാം. ഇതിന്റെ കണക്ക് പഞ്ചായത്ത്, നഗരകാര്യ ഡയറക്ടര്‍മാരും ഗ്രാമവികസന കമീഷണറും എടുക്കണം. ഇതില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വകുപ്പുമേധാവികളെ ചുമതലപ്പെടുത്തി.