തിരുവനന്തപുരം: മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്തെത്തി. നഗരൂര്‍ പഞ്ചായത്തിലെ പുല്ലതോട്ടം ശിവന്മുക്ക് , ചെമ്പരത്ത് മുക്ക് ജങ്ഷന് എന്നിവിടങ്ങളിലാണ് ടവര്‍ സ്ഥാപിക്കാനായി പ്രമുഖ സ്വകാര്യ കമ്പനി മുന്നോട്ട് വന്നത്. നിരവധി കുടുംബങ്ങള്‍ പാര്‍ക്കുന്ന ഇവിടങ്ങളില്‍ ടവര്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരുടെ സംയുക്തസമിതി.
4ജി, 5ജി തുടങ്ങിയ സംവിധാനത്തിനായാണ് ഉന്നത അവൃത്തിയുള്ള റേഡിയേഷന് വഹിക്കുന്ന ടവറുകള്‍ സ്ഥാപിക്കുന്നത്. ഭാവിയില്‍ വന്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നാണ് പരാതി. ഇരു ടവറുകളും പ്രാദേശിക ബിജെപി പ്രവര്‍ത്തകരുടെ പുരയിടങ്ങളിലാണ് സ്ഥാപിക്കുന്നത്. നഗരൂര്‍ പഞ്ചായത്തിലെ കോട്ടയ്ക്കല്‍ വാര്‍ഡില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട വനിത കുടിവെള്ളപദ്ധതിക്കെന്ന വ്യാജേന നാട്ടുകാരില്‍ നിന്ന് ഒപ്പുശേഖരണം നടത്തിയിരുന്നു.
ഈ ഒപ്പുകള്‍ കാട്ടി പഞ്ചായത്ത് സെക്രട്ടറിയെ കബളിപ്പിച്ച് അനുമതി വാങ്ങിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തുടര്‍ന്ന് സ്വന്തം പുരയിടം വന്‍ വാടകയ്ക്ക് സ്വകാര്യ കമ്പനിക്ക് നല്കി ഇവര്‍ കുടുംബസമേതം മറ്റൊരിടത്തേക്ക് താമസം മാറാനുള്ള ശ്രമം നടത്തിയപ്പോഴാണ് നാട്ടുകാര്‍ ചതി മനസ്സിലാക്കിയത്. സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ ഇരു ടവറുകള്‍ക്കും പഞ്ചായത്ത് നല്കിയ അനുമതി റദ്ദാക്കി.