കൊച്ചി: ആവശ്യങ്ങള്‍ നേടിയെടുക്കാനും മറ്റുമായി മലയാളികള്‍ നടത്തി വരുന്ന ഒന്നാണ് സമരം. മുദ്രാവാക്യം വിളിക്കുന്നതും പ്രതിഷേധ പ്രകടനങ്ങള്‍ കാഴ്ച വെയ്ക്കുന്നതിലും എന്നും മുന്‍പന്തിയിലാണ് മലയാളികള്‍. എന്നാല്‍ അതില്‍ തങ്ങളും ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വിദേശികള്‍. ഫോര്‍ട്ട് കൊച്ചിയില്‍ മുന്നറിയിപ്പില്ലാതെ ബോട്ട് സര്‍വീസ് നിറുത്തിവെച്ചതിനെ തുടര്‍ന്നാണ് യാത്രക്കാരായ വിദേശികള്‍ പ്രതിഷേധ സമരം നടത്തിയത്. മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരം, സിനഗോഗ് എന്നിവ കാണാനെത്തിയ സഞ്ചാരികളാണ് ഒടുവില്‍ ക്ഷമകെട്ട് സമരത്തിനിറങ്ങിയത്.
ജര്‍മ്മനി, ഫ്രാന്‍സ് ഓസ്ട്രിയ ,ന്യൂസിലാന്റ് , ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ ഇരുപതോളം പേര് നാട്ടുകാര്‍ക്കൊപ്പം സമരത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അത് ചരിത്രത്തില്‍ ആദ്യ സംഭവവുമായി മാറി. നൂറുകണക്കിന് സ്വദേശി, വിദേശ സഞ്ചാരികള്‍ അനുദിനം എത്തുന്ന മട്ടാഞ്ചേരി ബോട്ട് ജെട്ടിയില്‍ മുന്നറിയിപ്പില്ലാതെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി സര്‍വീസ് നിറുത്തി വെച്ചിരിക്കുകയാണ്. വിദേശ സഞ്ചാരികള്‍ പ്രോഗ്രാം ഷെഡ്യൂള്‍ ചെയ്താണ് എത്താറ്.
ഒരു കേന്ദ്രത്തില്‍ നിന്നും മറ്റൊരു കേന്ദ്രത്തിലേക്ക് സമയ ക്ലിപ്ത കണക്കാക്കി എത്തുന്ന ഇവര്‍ക്ക് ബോട്ടു മുടങ്ങിയാല്‍ പദ്ധതികള്‍ താളം തെറ്റുന്നു. ബോട്ടിന് 20മിനിറ്റ് യാത്രക്കെടുക്കുമ്പോള് റോഡ് മാര്‍ഗ്ഗം ചിലപ്പോള്‍ ഒന്നര മണിക്കൂര്‍ വേണം. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പോകേണ്ടവര്‍ വരെ ബോട്ട് സര്‍വ്വീസ് ഇല്ലായെന്നറിഞ്ഞതോടെ അങ്കലാപ്പിലായി. ഈ സമയമാണ് നാട്ടുകാര്‍ സമരം നടത്തുന്നത് കണ്ടത്. ഉടനെ വിദേശികളും സമരത്തില്‍ അണിചേര്‍ന്നു. സര്‍ക്കാരിനും, എംഎല്‍എക്കുമെതിരെ ഇംഗ്ലീഷിലും, ഫ്രഞ്ചിലും മുദ്രവാക്യം ഉയര്‍ന്നു. ജനകീയ സമതി കണ്‍വീനര്‍ എ ജലാലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മലയാളത്തില്‍ മുദ്രവാക്യം മുഴക്കിയപ്പോള്‍ വിദേശികളും ഒരു വിധം ഏറ്റു വിളിച്ചു.