കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൊച്ചിയില്‍ കന്യാസ്ത്രീകളുടെ പ്രതിഷേധ ധര്‍ണ. പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സഭാസംഘടനകളുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ സത്യഗ്രഹസമരം. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഒന്നടങ്കമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഹൈക്കോടതി ജംങ്ഷനിലാണ് പ്രതിഷേധ ധര്‍ണ നടക്കുന്നത്.
പരാതിക്കാരിയായ കന്യാസ്ത്രീക്ക് നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉപവാസ സമരം. സര്‍ക്കാരും സഭയും പീഡകന് ബിഷപ്പിനൊപ്പമെന്ന് കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ കന്യാസ്ത്രീകള്‍ സമരരംഗത്ത് വരണമെന്ന് കന്യാസ്ത്രീകള്‍ ആഹ്വാനം ചെയ്യുന്നു.
അതേസമയം, നീതി കിട്ടും വരെ സമരം നടത്തുമെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി. ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച സഹോദരിക്ക് നീതി ലഭിക്കണം. ബിഷപ്പിന് കാശുള്ളതു കൊണ്ടാണോ അറസ്റ്റ് ചെയ്യാത്തതെന്നും കന്യാസ്ത്രീകള്‍ ചോദിച്ചു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സമരം.
നിയമസംവിധാനം നടത്തിയ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കന്യാസ്ത്രീകള്‍ക്ക് പരാതിയുണ്ടായിരുന്നില്ല. എന്നാല്‍ ബിഷപ്പിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തുന്നില്ലെന്ന് മനസ്സിലായതോടെയാണ് കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്തുന്നത്.
പീഡനത്തിന് ഇരയായ കന്യാസ്ത്രീ ഉള്‍പ്പെടെ ഒമ്പതുപേരാണ് കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ തിരുവസ്ത്രം നേരത്തെ ഉപേക്ഷിച്ചു. ഇരയായ കന്യാസ്ത്രീ ഉള്‍പ്പെടെ ആറുപേര്‍ ബിഷപ്പിന് എതിരായ നിലപാട് സ്വീകരിച്ചിരിക്കുന്നവരാണ്.