വാരണാസി: ഉത്തരാഖണ്ഡ് പ്രളയത്തിന് കേരളം ഒന്നും കൊടുത്തില്ല എന്ന ബിജെപി നേതാവിന്റെ വ്യാജ പ്രചാരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. 2013 ല്‍ ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോള്‍ കേരളം ഒന്നും തന്നെ ചെയ്തില്ല എന്ന ആരോപണമാണ് വ്യക്തമായ തെളിവുകളോടെ ഇന്‍ഫോ ക്ലിനിക്ക് ഡോക്ടറായ നെല്‍സണ്‍ ജോസഫ്, ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വ്യാജ പ്രചാരണത്തെ പുറത്തെത്തിച്ചത്.
സാധാരണ ജനങ്ങള്‍ പെട്ടെന്ന് ഉപയോഗിക്കുന്ന വിക്കിപീഡിയ തിരുത്തിയുള്ള പ്രചാരണമാണ് കെ സുരേന്ദ്രന് ഇപ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത്.
നെല്‍സണ്‍ ജോസഫ് ഇതിനെ കുറിച്ച് വിശദമായി തന്നെ എഴുതുന്നു:
”കേരളത്തിനെതിരെ ആസൂത്രിതമായ ഒരു നീക്കം നടക്കുന്നുണ്ടെന്ന് മുന്‍പുള്ളത് തോന്നലായിരുന്നെങ്കില്‍ ഇപ്പൊ എനിക്കത് ഉറപ്പാണ്. അല്‍പ്പം മുന്‍പ് കെ.സുരേന്ദ്രന്റെ പേജില്‍ വന്ന ഒരു പോസ്റ്റില്‍ കണ്ട ആദ്യ വാചകം ഇതായിരുന്നു. ‘ചില സത്യങ്ങള്‍ പറയാതിരുന്നാല്‍ മനസാക്ഷിക്കുത്തുണ്ടാകും. 2013 ല്‍ ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായി. 5748 പേര് മരിച്ചു. കേന്ദ്രസഹായം ആകെ 1000 കോടി. കേരളം സഹായിച്ചത് 0 കോടി. കേന്ദ്രത്തിലും കേരളത്തിലും ഉത്തരാ
ഖണ്ഡിലും കോണ്‍ഗ്രസ്സ് ഭരണം. ‘
എനിക്ക് പക്ഷേ ഉറപ്പായിരുന്നു കേരളം സഹായിച്ചിരുന്നു എന്ന്. കാരണം രണ്ട് ദിവസം മുന്‍പാണ് ഇതേ സംഗതി പോസ്റ്റ് ചെയ്ത ഒരു ചേട്ടനു മറുപടിയായി വിക്കിപ്പീഡിയ തപ്പി കേരളത്തിന്റെ സഹായം എന്തായിരുന്നെന്ന് കണ്ടുപിടിച്ചത്.
രണ്ട് കോടി രൂപ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വകയായി നല്‍കിയത് കൂടാതെ മന്ത്രിമാരടക്കമുള്ളവര്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസമായി നല്‍കിയെന്ന് അന്ന് മറുപടി നല്‍കിയതാണ്. വിക്കിപ്പീഡിയയില്‍ കയറി നോക്കിയപ്പോള്‍ ആ വാചകം അവിടെയില്ല. വിക്കിപ്പീഡിയ എഡിറ്റ് ചെയ്തത് ആരാണെന്നും എന്താണ് അവര്‍ റിമൂവ് ചെയ്തതെന്നും അനായാസം അറിയാന്‍ കഴിയും. അതനുസരിച്ച് എഡിറ്റ് ഹിസ്റ്ററി നോക്കിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് ഓഗസ്റ്റ് 23 , 6:49 പി.എമ്മിന് 272 ബൈറ്റുകള്‍ ‘ആഫ്റ്റര്‍മാത്ത്’ എന്ന ഭാഗത്തുനിന്ന് നീക്കം ചെയ്തു എന്നതായിരുന്നു.
ആ നീക്കം ചെയ്ത വാചകം ഇതാണ്. ‘Kerala offered 20 million rupees and the state govt employees have donated their one day salary ‘, അതായത് സാധാരണക്കാരന് ഒരു വാര്‍ത്ത ശരിയാണോ എന്ന് നോക്കുന്ന വിക്കിപ്പീഡിയയും എഡിറ്റ് ചെയ്യുന്നുണ്ട്. ഇതൊന്നും വെറും യാദൃശ്ചികമാണെന്ന് കരുതാന്‍ നിര്‍വ്വാഹമില്ല. സ്ക്രീന്‍ഷോട്ടുകള്‍ താഴെക്കൊടുക്കുന്നു. കേരളത്തെ ഇത്തരത്തില്‍ ദ്രോഹിച്ചും കരിവാരിത്തേച്ചും ഇവര്‍ക്കെന്താണു കിട്ടുന്നതെന്നെനിക്കറിയില്ല.