മുംബൈ: മുംബൈയില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ 19 കാരി മരിച്ചു. ഒന്നിലേറെ ആന്തരിക പരിക്കുകളെത്തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചത്. ഔറംഗാബാദ് സ്വദേശിനിയായ യുവതിയാണ് മരിച്ചത്. കഴിഞ്ഞ ജൂലൈ ഏഴിനാണ് സംഭവം. യുവതിയെ പിറന്നാള്‍ ആഘോഷിക്കാനായി സുഹൃത്തുക്കള്‍ മുബൈയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ആഘോഷം കഴിഞ്ഞതിന് ശേഷം നാലു സുഹൃത്തുക്കള്‍ ചേര്‍ന്ന് 19കാരിയെ കൂട്ടബലാത്സംഗത്തിലേര്പ്പെടുത്തിയെന്നാണ് പരാതി.
സംഭവത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടി പിറ്റേന്ന് ഔറംഗബാദിലേക്ക് മടങ്ങി. എന്നാല്‍ മാതാപിതാക്കളോട് നടന്ന സംഭവം പറഞ്ഞില്ല. ശേഷം പെണ്‍കുട്ടിക്ക് അടിവയറ്റിലെ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പെണ്‍കുട്ടിയുടെ പരിക്കുകള്‍ കണ്ട് കൂട്ട ബലാത്സംഗമാണെന്ന് സംശയം തോന്നിയ ഡോക്ടറാണ് പോലീസിനെ വിവരം അറിയിച്ചത്.
തുടര്‍ന്ന് ജൂലൈ മുപ്പതിന് ആശുപത്രി രേഖകള്‍ക്കൊപ്പം പെണ്‍കുട്ടിയുടെ അച്ഛന് ബെഗുംപുറ പോലീസിന് പരാതി നല്കി. കൂട്ടബലാത്സംഗം നടന്നുവെന്നു പറയപ്പെടുന്ന മുംബൈയിലെ താമസസ്ഥലത്ത് പെണ്‍കുട്ടിയുടെ സഹോദരന് ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്നും പോലീസ് പറയുന്നുണ്ട്. ഇതേ സമയം സാരമായി പരിക്കുകള്‍ ഉള്ള പെണ്‍കുട്ടിയോട് ചികിത്സയില്‍ തുടരാനാണ് ഔറംഗാബാദിലെ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരിന്നത്.
കേസ് പിന്നീട് മുംബൈയിലെ ചുനാഭട്ടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര വനിതാ കമ്മീഷന് പോലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് എന്‍സിപി പ്രവര്‍ത്തകര്‍ ചെമ്പൂരില്‍ നിന്നും ചുനാഭട്ടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.