ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടുകള്‍ താന്‍ ഏറെ അനുഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ പ്രശ്നങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പാവപ്പെട്ട ഒരമ്മയുടെ മകനായി പിറന്നതില്‍ താന്‍ ഏറെ അഭിമാനിക്കുന്നു. ദാരിദ്ര്യം തനിക്ക് എല്ലായ്പ്പോഴും ആത്മാര്‍ഥതയും മനശ്ശക്തിയും പ്രധാനം നല്കി.- പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് പദ്ധതികളുടെ (സ്മാര്‍ട്ട് സിറ്റി മിഷന്, അമൃത്, പി-മെ) മൂന്നാം വാര്‍ഷിക ദിനത്തില്‍ ലക്നൗവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022ഓടുകൂടി രാജ്യത്തെ എല്ലാവര്ക്കും തലചായ്ക്കാനൊരിടം യാഥാര്‍ത്ഥ്യമാകും. രാജ്യത്തെ ഗ്രാമങ്ങളില്‍ ഇതിനോടകം ഒരു കോടിയിലധികം വീടുകള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കാനായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നഗരങ്ങളില്‍ 54 ലക്ഷം വീടുകളാണ് ഇതിനോടകം പണികഴിപ്പിച്ചത്. എല്ലാ വീടുകളിലും ശൗചാലയം, വൈദ്യുതി എന്നിവ എത്തിക്കാനായി. വരാന്‍ പോകുന്ന തലമുറയ്ക്കായി വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികം, വിനോദം തുടങ്ങി എല്ലാ മേഖലകളിലും വ്യത്യസ്തങ്ങളായ പദ്ധതികള്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ വികസനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിരവധി സ്മാര്‍ട്ട് സിറ്റികള്‍ ഇന്ത്യയിലുണ്ടാകും. ലോകോത്തര നിലവാരമുള്ള സ്മാര്‍ട്ട് സിറ്റികളാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് അദ്ദേഹം ലക്നൗവില്‍ എത്തിയത്. ഞായറാഴ്ച അദ്ദേഹം അറുപതിനായിരം കോടിയുടെ വിവിധ പ്രോജക്ടുകളാണ് ലക്നൗവില്‍ ഉദ്ഘാടനം ചെയ്യുന്നത്.
2019ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള ഉത്തര്‍പ്രദേശിലെ സന്ദര്‍ശനം പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. നേരത്തെ അദ്ദേഹം യുപിയിലെ വാരാണസി, മിര്‍സപുര്‍, ആസംഗഢ് എന്നീ ജില്ലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.