ഹൈദരാബാദ്: എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹൈദരാബാദ് സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, സ്പോര്‍ട്സ് സെക്രട്ടറി, കള്‍ച്ചറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് എബിവിപി സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ശനിയാഴ്ച വൈകിട്ടാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.
2013 ന് ശേഷം ആദ്യമായി ഒരു വനിത പ്രസിഡന്റാകുന്നു എന്ന സവിശേഷതയുമുണ്ട്. സൈക്കോളജി പിഎച്ച്ഡി ഗവേഷക വിദ്യാര്‍ഥിയായ ആരതി നാഗ്പാലാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എസ്എഫ്ഐയുടെ എറാം നവീന്‍ കുമാറിനെതിരെ 334 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആരതി നാഗ്പാല്‍ വിജയിച്ചത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അമിത് കുമാര്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ധീരജ് സംഗോജി, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പ്രവീണ്‍ ചൗഹാന്, സ്പോര്‍ട്സ് സെക്രട്ടറി സ്ഥാനത്തേക്ക് അരവിന്ദ് എസ്. കുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിഖില്‍ രാജ് കെ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
എബിവിപി, ഒബിസി ഫെഡറേഷന്, സേവ്ലാല് വിദ്യാര്‍ഥി ദള്‍ എന്നി സംഘടനകള്‍ സഖ്യമായാണ് മത്സരിച്ചത്. പ്രധാന വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐ ഒറ്റക്കാണ് മത്സരിച്ചത്. അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ സഖ്യമായി മത്സരിച്ചത്.
ക്യാമ്പസിലെ അടിസ്ഥാന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് എബിവിപി പ്രചാരണം നടത്തിയത്. എന്നാല്‍ എബിവിപിക്ക് ഭരണം ലഭിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ മനോഭാവം ശക്തിപ്പെടുമെന്നാണ് മറ്റ് സംഘടനകള്‍ പ്രചാരണം നടത്തിയത്. ഡല്‍ഹി യൂണിവേഴ്സിറ്റി യൂണിയന് ഭരണം പിടിച്ചതിന് പിന്നാലെ എബിവിപി നിയന്ത്രണം നേടുന്ന രാജ്യത്തെ പ്രധാന യൂണിവേഴ്സിറ്റികളിലൊന്നാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റി.