ന്യൂഡല്‍ഹി: തന്റെ 68ാം ജന്മദിനം പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊണ്ടാടുന്നത് സ്വന്തം മണ്ഡലത്തില്‍. പ്രധാനമന്ത്രിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ വിവിധ പരിപാടികളാണ് അസൂത്രണം ചെയ്തിരിക്കുന്നത്.
ഇന്നും നാളെയും അദ്ദേഹം തന്റെ മണ്ഡലമായ വാരണാസിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം വാരണാസിയിലെത്തുന്നത്. അതിനുശേഷം ജില്ലയിലെ നരൗര്‍ ഗ്രാമത്തില്‍ കാശി വിദ്യാപീഠത്തിലെ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും.
നരേന്ദ്ര മോഡിയുടെ 68ാം ജന്മദിനത്തോട് അനുബന്ധിച്ച് ജില്ലയിലെ 68 ഇടങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. അതോടൊപ്പം ബനാറസ് ഹിന്ദു യുണിവേഴ്സിറ്റിയിലെ ആംഫി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ 500 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകും.
ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര ദാമോദര്‍ ദാസ് മോഡി 1950 സെപ്റ്റംബര്‍ 17ന് ഗുജറാത്തിലെ വാട്നഗറില് ജനിച്ചു.