ലാപ്ടോപ്പ്, സ്മാര്‍ട്ട ഫോണ്‍, തുടങ്ങിയ ഉപകരണങ്ങളില്‍ നിന്നുള്ള നീലവെളിച്ചം മക്യൂലാര്‍ ഡിജനറേഷന്‍ എന്ന മാരകമായ അസുഖത്തിന് കാരണമായേക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ അസുഖം പ്രധാനമായും കണ്ണിന്റെ മധ്യഭാഗത്തായി ബാധിക്കുന്നതുകൊണ്ട് തന്നെ ചികിത്സിച്ച് ഭേദമാക്കാനും പ്രയാസകരമാണെന്നാണ് ടൊലെഡോ സര്‍വകലാശാല രസതന്ത്രം ജീവരസതന്ത്രം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ അജിത് കരുണാരത്ന പറയുന്നത്.
മാക്യൂലര്‍ ഡിജനറേഷന്‍ ബാധിക്കുന്നത് നീലവെളിച്ചം കണ്ണിലെത്തി റെറ്റിനയുടെ റോഡ്, കോണ്‍ എന്നീ കോശങ്ങള്‍ നശിക്കുന്നത് മൂലമാണ്. പ്രകാശം തിരിച്ചറിഞ്ഞ് തലച്ചോറിലേക്ക് വിവരങ്ങള്‍ എത്തിക്കാനുള്ള തന്മാത്രകളുടെ ശേഷി ഈ കോശങ്ങള്‍ നശിക്കുന്നതിലൂടെ ഇല്ലാതാകുന്നു. അതേസമയം കണ്ണില്‍ ഇറ്റിക്കുന്ന പ്രത്യേക തരം തുള്ളി മരുന്നിലൂടെ അസുഖം ചെറിയതോതില്‍ ഭേദമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.
വാര്‍ദ്ധക്യസഹജമായ രോഗമായാണ് മാക്യൂലര്‍ ഡിജനറേഷന്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോഗം ചെറുപ്പക്കാരിലും ഇത്തരം മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുമ്പോള്‍ സണ്‍ഗ്ലാസുകള്‍ ധരിക്കുന്നതാണ് നീലവെളിച്ചത്തില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കുന്നതിന് ഉത്തമമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ടൊലെഡോ സര്‍വകലാശാല നടത്തിയ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചത് ജേണല്‍ ഫോര്‍ സയിന്റിഫിക് റിപ്പോര്‍ട്ടാണ്.