തിരുവനന്തപുരം: മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി സ്ഥീരീകരിച്ച് ഒരു കുട്ടി മരിച്ച സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
ക്യൂലക്സ് വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് വൈറസ് പരത്തുന്നത്. അതിനാല്‍ കൊതുക് നിവാരണമാണ് വെസ്റ്റ് നൈല്‍ പനിക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധ മാര്‍ഗമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം ഗുരുതരമാകാനുള്ള സാധ്യത വിരളമായതിനാല്‍ ജാഗ്രതയും കൊതുക് നിവാരണവുമാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
അതേസമയം, വെസ്റ്റ് നൈല്‍ പനി സ്ഥീരീകരിച്ച വേങ്ങരയിലും പരിസര പ്രദേശങ്ങളിലും കൊതുകു നിവാരണമടക്കമുള്ള സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പക്ഷികളില്‍ നിന്നും മൃഗങ്ങളില്‍ നിന്നും പകരുന്ന രോഗമായതിനാല്‍ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ സംശയാസ്പദമായ രോഗലക്ഷണങ്ങളുള്ള മൃഗങ്ങളുടെ സ്രവങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ ശേഖരിച്ച സ്രവങ്ങള്‍ മണിപ്പാലിലേക്ക് അയച്ചിരിക്കുകയാണ്. ജനപങ്കാളിത്തത്തോടെ പ്രദേശത്തെ കൊതുകു നിവാരണ നടപടികള്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ആരോഗ്യ ഓഫീസര്‍ പറഞ്ഞു.
വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ വേണ്ട എല്ലാ നടപടികളും ആരോഗ്യ വകുപ്പ് എടുത്തിട്ടുണ്ട്. വെസ്റ്റ് നൈല്‍ രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തുന്ന എല്ലാ രോഗികള്‍ക്കും വിദഗ്ദ ചികിത്സ നല്കാന് എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.