സദ്യയ്ക്ക് സാമ്പാര്‍ അതു നിര്‍ബന്ധാ.. വെറും സാമ്പാര്‍ അല്ല എല്ലാ കൂട്ടുകളും ഒട്ടും കൂടാതെയും എന്നാല്‍ ഒട്ടും കുറയാതെയും പാകത്തിന് ചേര്‍ത്തൊരു അസ്സല്നാടന് സാമ്പാര്‍. അടുപ്പില്‍ നിന്ന് ഇറക്കി വച്ച് അടപ്പു തുറന്നാല്‍ ഒരു പറ ചോറ് അധികം ഉണ്ണാന്‍ തോന്നും രീതിയില്‍ നല്ല മണമുള്ള രുചി പറക്കുന്ന സാമ്പാര്‍ ആയിരിക്കണം സദ്യയ്ക്ക് വേണ്ടത്. എത്ര പേര്‍ക്കറിയാം ഇത്തരം നാടന്‍ സാമ്പാര്‍ ഉണ്ടാക്കാന്‍? അറിയാത്തവര്‍ക്ക് ഇനി അറിയാം.
ആവശ്യമായ സാധനങ്ങള്‍
തുവരപ്പരിപ്പ് – ഒരു വലിയ കപ്പ്
ഉരുളക്കിഴങ്ങ്- ഒരു ഇടത്തരം
സവാള – ഒന്നിന്റെ പകുതി
വെളിച്ചെണ്ണ – 50 മില്ലി
വെണ്ടക്കായ – 100 ഗ്രാം
മുരിങ്ങക്കായ – 50 ഗ്രാം
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
മുളകുപൊടി – അര ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
വാളന്‍പുളി – ഒരു നെല്ലിക്കാവലുപ്പത്തില്‍
ഉപ്പ്, വെള്ളം – പാകത്തിന്
കായം – കാല് ചെറിയ സ്പൂണ്‍
ഉലുവ വറുത്തുപൊടിച്ചത് – കാല് ചെറിയ സ്പൂണ്‍
കടുക് – ഒരു ചെറിയ സ്പൂണ്‍
വറ്റല്‍മുളക് – അഞ്ച്
മല്ലിയില – 10 ഗ്രാം
കറിവേപ്പില – രണ്ടു തണ്ട്
തക്കാളിപ്പഴം – രണ്ട്
പാകം ചെയ്യുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തില്‍ അര ലീറ്റര്‍ വെള്ളം തിളപ്പിച്ച് അതില്‍ പരിപ്പു കഴുകിയിടുക. വെന്തു തുടങ്ങുമ്പോള്‍ ചതുരക്കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങും സവാളയും ചേര്‍ത്തു വേവിക്കുക. മറ്റൊരു ചീനച്ചട്ടിയില്‍ അല്പം വെളിച്ചെണ്ണ ചൂടാക്കി, വെണ്ടയ്ക്കായും മുരിങ്ങക്കായും വഴറ്റിയശേഷം അതില്‍ അഞ്ചാമത്തെ ചേരുവ ചേര്‍ത്തിളക്കി വേവിച്ചു വച്ചിരിക്കുന്ന പരിപ്പില്‍ ചേര്‍ക്കുക. ഇതിലേക്ക് വാളന്‍പുളി പിഴിഞ്ഞ് അരിച്ചു ചേര്‍ത്ത് പാകത്തിനുപ്പും വെള്ളവും കായവും ചേര്‍ത്തു നന്നായി തിളപ്പിക്കുക. പാകത്തിനു കൊഴുപ്പാകുമ്പോള് അടുപ്പില്‍ നിന്നും വാങ്ങിവച്ചശേഷം ഉലുവാ വറുത്തുപൊടിച്ചതു വിതറുക. അല്പം വെളിച്ചെണ്ണയില്‍ കടുകും വറ്റല്‍മുളകും താളിച്ചതു കറിയില്‍ ചേര്‍ക്കുക. ഇനി മല്ലിയില ചേര്‍ത്തിളക്കിയശേഷം കറിവേപ്പില കൈയിലിട്ടു ഞെരടിയതും ചേര്‍ത്തിളക്കി ബാക്കി വെളിച്ചെണ്ണ കൂടി ഒഴിച്ചിളക്കുക. ശേഷം നല്ല പാത്രത്തില്‍ വിളമ്പി ചോറിനൊപ്പം കഴിക്കാം