മിക്കവരുടെയും വീട്ടിലെ തൊടിയിലെ സ്ഥിരം താമസക്കാരനാണ് പപ്പായ മരം. ഏറെ ഗുണം നല്കുന്ന പപ്പായ പഴുത്തതും അല്ലാത്തവയും നാം പൊതുവെ ആഹാരത്തിന്റെ ഭാഗമാക്കാറുണ്ട്. പച്ച പപ്പായ കറിവെയ്ക്കാനും പച്ചടി തയ്യാറാക്കാനുമൊക്കെയാണ് ഉപയോഗിച്ചു വരുന്നത്. പഴുത്ത പപ്പായ ജ്യൂസാക്കി കുടിക്കുകയാണ് നമ്മുടെ പതിവ്. എന്നാല്‍ ഇന്ന് നമുക്ക് വ്യത്യസ്തമായി പഴുത്ത പപ്പായ കൊണ്ടൊരു ഷെയ്ക്ക് തയ്യാറാക്കിയാലോ? ആരോഗ്യ ഗുണം ഏറെ നല്കുന്ന പപ്പായ ഷെയ്ക്കാവട്ടെ നിങ്ങളുടെ ഇന്നത്തെ പരീക്ഷണം.
ആവശ്യമായ സാധനങ്ങള്‍
പഴുത്ത പപ്പായ കഷണങ്ങളാക്കി തണുപ്പിച്ചത് – ഒരു കപ്പ്
പാല് തണുപ്പിച്ച് ഒരു വിധം കട്ടിയാക്കിയത് – ഒന്നര കപ്പ്
പുതിനയില – 4 ഇതള്‍
കണ്ടെന്സ്ഡ് മില്‍ക്ക് – 1/2 ടിന്
ഉണ്ടാക്കുന്ന വിധം
പപ്പായ മിക്സിയില്‍ നന്നായി അരച്ചെടുക്കണം.അതിലേക്ക് പുതിനയില , കണ്ടെന്സ്ഡ് മില്‍ക്ക് എന്നിവ ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കണം. നല്ലവണ്ണം അരഞ്ഞതിന് ശേഷം തണുത്ത പാല് കൂടി ചേര്‍ത്ത് ഒന്ന് കൂടി അടിച്ചെടുത്ത് ഗ്ലാസിലേക്ക് പകരാം. തണുത്ത പപ്പായ ഷെയക്ക് സ്വാദോടെ കുടിക്കാം