പല തരം കട്ലറ്റുകള് നിങ്ങള്‍ കഴിച്ചിട്ടുണ്ടാവും. എന്നാല്‍ നൂഡില്‍സ് കൊണ്ടുള്ള കട്ലറ്റ് നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? എങ്കില്‍ കഴിക്കാന്‍ തയ്യാറായിക്കോളൂ.. വ്യത്യസ്തമായ ഈ കട്ലെറ്റ് നമുക്ക് സ്വന്തമായി പാചകം ചെയ്ത് രുചിച്ചറിയാം. തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
നൂഡില്‍സ് – 2 പാക്കറ്റ്
ഉരുളക്കിഴങ്ങ് (പുഴുങ്ങി ചതച്ചത്)- 2 എണ്ണം
സവാള – ഒന്ന്
കാരറ്റ് – ഒന്ന്
റൊട്ടി – 3 എണ്ണം
മുട്ട – 2 എണ്ണം
പച്ചമുളക് – 2 എണ്ണം
മല്ലിയില – ഒരു തണ്ട്
നൂഡില്‍സ് മസാല – 2 പാക്കറ്റ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നൂഡില്‍സ് ചൂടുവെള്ളത്തില്‍ വേവിച്ചു മാറ്റിവെക്കുക. ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, കാരറ്റ്, മല്ലിയില, നൂഡില്‍സ് മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഈ മസാലയും മാറ്റി വെച്ചിരിക്കുന്ന നൂഡില്‍സും ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി കുഴച്ച് യോജിപ്പിക്കുക. ഇത് കട്ലറ്റിന്റെ ആകൃതിയില്‍ പരത്തിയെടുക്കുക. ഇത് മുട്ടയില്‍ മുക്കി റൊട്ടി പൊടിയില്‍ മിക്സ് ചെയ്യുക. തുടര്‍ന്ന് പാനില്‍ എണ്ണ ചൂടാക്കി വറുത്തെടുക്കാവുന്നതാണ്. രുചിയേറിയ നൂഡില്‍സ് കട്ലറ്റ് റെഡി.