പല്ലിന്റെ ആരോഗ്യത്തിന് വല്യ പ്രാധാന്യം കൊടുക്കാറില്ല പലരും. കഠിനമായ വേദന വരുമ്പോഴാണ് പലരും പല്ലിന്റെ സംരക്ഷണം ഗൗരവമായി കാണാന്‍ തുടങ്ങുക. സെന്‍സിറ്റിവിറ്റി, കാവിറ്റീസ്, മോണകള്‍ക്ക് പ്രശ്നം എന്നിവയാണ് പൊതുവെയുള്ള ദന്തരോഗങ്ങള്‍. നാം കഴിക്കുന്ന ഭക്ഷണമാണ് ദന്തരോഗങ്ങളുണ്ടാവാന് പ്രധാന കാരണം. അല്പമൊന്നു ശ്രദ്ധിച്ചാല്‍ നമുക്ക് ആരോഗ്യത്തോടെയുള്ള സുന്ദരമായ പല്ലുകള്‍ നിലനിര്‍ത്താം. അവ എന്തൊക്കെയാണെന്ന് നോക്കാം.
മദ്യപാനം കുറയ്ക്കാം
ജലാംശം കുറയ്ക്കുമെന്നുള്ളതുകൊണ്ടാണ് പല്ലുകളുടെ ആരോഗ്യത്തില്‍ മദ്യപാനം ദോഷകരമാണെന്ന് പറയുന്നത്. മദ്യപാനം ഉമിനീരിന്റെ അളവ് കുറയ്ക്കുകയും പല്ലുകള്‍ വേഗം കേടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
മിഠായി കഴിക്കുമ്പോള്‍
കട്ടിയുള്ള മിഠായികള്‍ കടിച്ചുപൊട്ടിക്കുമ്പോള്‍ പല്ലുകള്‍ ഒടിയാന്‍ വരെ സാധ്യതയുണ്ട്. പുളിയുള്ള മിഠായികള്‍ പല്ലുകള്‍ക്ക് കൂടുതല്‍ ദോഷം ചെയ്യുന്നവയാണ്. ആസിഡ് അടങ്ങിയിട്ടുള്ള ഇവ പല്ലുകളുടെ ആരോഗ്യത്തില്‍ വലിയ പ്രശ്നം സൃഷ്ടിക്കുന്നവയാണ്.
നാരങ്ങ, ഓറഞ്ച് തുടങ്ങിയവ പതിവാക്കേണ്ട
നാരങ്ങയും ഓറഞ്ചുമൊക്കെ വിറ്റാമിന്‍ സി പ്രദാനം ചെയ്യുന്നവയാണെങ്കിലും പല്ലുകളുടെ കാര്യത്തില്‍ ഇവ അത്ര ഗുണകരമല്ല. ഇവ പതിവാക്കിയാല്‍ ഇനാമലിന് കേടുണ്ടാവുകയും പല്ലുകള്‍ക്ക് ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യും.
സോഡ വേണ്ട
കാര്‍ബണേറ്റഡ് പാനീയങ്ങളും ഇനാമലിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതാണ്. ഇത്തരം പാനീയങ്ങള്‍ ശീലമാക്കിയാല്‍ വായില്‍ ഉമിനീരിന്റെ അളവ് കുറയും. ഇത്തരം പാനീയങ്ങള്‍ പല്ലുകളുടെ നിറം നഷ്ടപ്പെടുത്താനും കാരണമാകും.
കാപ്പി നിയന്ത്രിക്കാം
മധുരമിട്ട കാപ്പി പല്ലുകളില്‍ ക്യാവിറ്റീസ് ഉണ്ടാകാന്‍ കാരണമാകും. കാപ്പി പല്ലുകളുടെ നിറം നഷ്ടപ്പെടുത്തുമെന്നതും മറ്റൊരു ദൂഷ്യവശമാണ്.
ചിപ്പ്സ് കഴിക്കുമ്പോള്‍
ശരീരഭാരം കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് മാത്രമല്ല ദന്തകാര്യങ്ങളിലും പൊട്ടറ്റോ ചിപ്സ് പോലുള്ളവ അത്ര മികച്ച തീരുമാനമല്ല. പല്ലുകള്‍ക്കിടയില്‍ ഇത്തരം ഭക്ഷണസാധനങ്ങളുടെ അവശിഷ്ടം ബാക്കിനില്ക്കുന്നതാണ് പല ദന്തരോഗങ്ങളുടെയും തുടക്കം.
ബ്രെഡ് തീറ്റ കുറയ്ക്കാം
ബ്രഡ് ചവയ്ക്കുമ്പോള്‍ വായ്ക്കുള്ളില്‍ ഇവ ഒട്ടിപിടിക്കുകയും പല്ലുകള്‍ക്കിടയില്‍ ഇതിന്റെ അവശിഷ്ടം ബാക്കിനില്‍ക്കുകയും പതിവാണ്. ഇത് ദന്തരോഗങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ്. ബ്രഡ്ഡില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ സാന്നിധ്യമാണ് ഇതിന് കാരണമാകുന്നത്. പഞ്ചസാര കുറവുള്ള മറ്റ് ഭക്ഷണവിഭവങ്ങള്‍ തെരഞ്ഞെടുക്കുകയാണ് ഉത്തമം.