എല്ലായിപ്പോഴും മാര്‍ക്കറ്റില്‍ സുലഭമായി കിട്ടുന്ന പഴമാണ് ഓറഞ്ച്. പൊതുവെ ക്ഷീണമകറ്റാനും സൗന്ദര്യ സംരക്ഷണത്തിനുമായി ഉപയോഗിച്ചു വരുന്ന ഓറഞ്ചിന് നാം അറിയാത്ത മറ്റ് പല ഗുണങ്ങളുമുണ്ട്. ദിവസവും ഒരു ഓറഞ്ച് വീതം കഴിക്കുന്നത് നേത്രരോഗങ്ങളെ അകറ്റുമെന്നു ഗവേഷകര്‍ പറയുന്നു. വെസ്റ്റ് മീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പതിവായി ഓറഞ്ച് കഴിക്കുന്നവര്‍ക്ക് മക്യുലാര്‍ ഡീജനറേഷന്‍ എന്ന നേത്രരോഗം ബാധിക്കാന്‍ സാധ്യത കുറവാണെന്നു കണ്ടെത്തിയത്.
അറുപത്തഞ്ചു വയസ്സു കഴിഞ്ഞ ആളുകളെ ബാധിക്കുന്ന നേത്രരോഗമാണ് മക്യുലാര്‍ ഡീജനറേഷന്‍. ഓറഞ്ചില്‍ അടങ്ങിയ ഫ്ലേവനോയിഡുകളാണ് നേത്രരോഗം വരാതെ തടയുന്നതെന്നു പഠനത്തിനു നേതൃത്വം നല്കിയ, സിഡ്നി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ബാമിനി ഗോപിനാഥ് പറഞ്ഞു.
ഫ്ലേവനോയിഡുകള് അടങ്ങിയ ചായ, ആപ്പിള്‍, റെഡ് വൈന്‍, ഓറഞ്ച് ഇവ ഗവേഷകര്‍ പഠനത്തിനായുപയോഗിച്ചു. എന്നാല്‍ ഓറഞ്ച് ഒഴികെ മറ്റ് ഒരു ഭക്ഷണ പദാര്‍ത്ഥവും കണ്ണുകളെ രോഗങ്ങളില്‍ നിന്നു സംരക്ഷിക്കുന്നതായി കണ്ടില്ല. 50 വയസ്സു കഴിഞ്ഞ രണ്ടായിരം ഓസ്ട്രേലിയക്കാരില്‍ പഠനം നടത്തി ദിവസവും ഒരു ഓറഞ്ച് വീതം കഴിച്ചവരില്‍ നേത്രരോഗം ബാധിക്കാനുള്ള സാധ്യത 60 ശതമാനം കുറവാണെന്നു കണ്ടെത്തുകയായിരുന്നു.