ഭക്ഷണമില്ലാതെ നമുക്ക് മണിക്കൂറുകളോളം കഴിയാം എന്നാല്‍ സ്മാര്‍ട്ട് ഫോണില്ലാതെ ഒരു നിമിഷം പോലും പറ്റില്ല എന്ന അവസ്ഥയാണ് ഇന്ന്. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ അമിതമായി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ.. ഫോണില്‍ നിന്നുള്ള നീലവെളിച്ചം കാഴ്ചശക്തി നഷ്ട്ടപെടുത്തുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ലാപ്ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍, തുടങ്ങിയ ഉപകരണങ്ങളില്‍ നിന്നുള്ള നീലവെളിച്ചം മക്യൂലാര്‍ ഡിജനറേഷന്‍ എന്ന മാരകമായ അസുഖത്തിന് കാരണമായേക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
മാക്യൂലര്‍ ഡിജനറേഷന്‍ എന്ന അസുഖം പ്രധാനമായും കണ്ണിന്റെ മധ്യഭാഗത്തായി ബാധിക്കുന്നതുകൊണ്ട് തന്നെ ചികിത്സിച്ച് ഭേദമാക്കാനും പ്രയാസകരമാണ്. നീലവെളിച്ചം കണ്ണിലെത്തി റെറ്റിനയുടെ റോഡ്, കോണ്‍ എന്നീ കോശങ്ങള്‍ നശിക്കുന്നത് വഴിയാണ് മാക്യൂലര്‍ ഡിജനറേഷന്‍ ബാധിക്കുന്നത്. ഈ കോശങ്ങള്‍ നശിക്കുന്നതിലൂടെ പ്രകാശം തിരിച്ചറിഞ്ഞ് തലച്ചോറിലേക്ക് വിവരങ്ങള്‍ എത്തിക്കാനുള്ള തന്മാത്രകളുടെ ശേഷിയും ഇല്ലാതാകുന്നു. ജേണല്‍ ഫോര്‍ സയിന്റിഫിക് റിപ്പോര്‍ട്ടാണ് ടൊലെഡോ സര്‍വകലാശാല നടത്തിയ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചത്.
മാക്യൂലര്‍ ഡിജനറേഷന്‍ വാര്‍ധക്യസഹജമായ രോഗമായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോഗം ചെറുപ്പക്കാരിലും ഇത്തരം മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു.
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നീലവെളിച്ചത്തില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കാനായി സണ്‍ഗ്ലാസുകള്‍ ധരിക്കുന്നതാണ് ഉത്തമമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.