ഇനി ജിമ്മില്‍ പോയി സമയം കളയണ്ട. ആത്മനിയന്ത്രണം കൈകാര്യം ചെയ്യുന്ന മസ്തിഷ്ക ഭാഗം കൂടുതലായി പ്രവര്‍ത്തിപ്പിച്ചാല്‍ ശരീരഭാരം കുറയുമെന്ന് പഠനം. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ശരീരഭാരം കുറയുന്നതിന് പ്രധാന കാരണമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ശരീരഭാരം കുറയ്ക്കുന്നതിനായി ശ്രമം നടത്തുന്ന 24 പേരില്‍ നടത്തിയ പഠനത്തിലൂടെയാണ് പുതിയ കണ്ടെത്തല്‍. സെല്‍ മെറ്റബോളിസം എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ആരോഗ്യത്തോടെയിരിക്കാനുള്ള ആഗ്രഹം പോലുള്ള ദീര്‍ഘകാല ബോധത്തെ ഉള്‍ക്കൊള്ളാന്‍ മസ്തിഷ്കത്തിന്റെ ഈ ഭാഗത്തിന് കഴിവുണ്ടെന്ന് കാനഡയിലെ മോണ്ട്റിയല് ന്യൂറോളജിക്കല്‍ ഇന്‍സ്റ്റ്യൂട്ട് ആന്‍ഡ് ഹോസ്പിറ്റലിലെ ഗവേഷകന് അലെയ്ന് ദാഗര്‍ പറഞ്ഞു. പരീക്ഷണത്തിന് വിധേയരാക്കിയവരില്‍ മെച്ചപ്പെട്ട ആത്മനിയന്ത്രണത്തിനുള്ള കഴിവുള്ളവരില്‍ ശരീരഭാരം നന്നായി കുറയുന്നതായി കണ്ടെത്തി. മാനസിക സമ്മര്‍ദ്ദവും മറ്റും അധിക ഭക്ഷണത്തിന് കാരണമാകുന്ന കേസുകളില്‍ ആത്മനിയന്ത്രണം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചികിത്സകള്‍ കൂടുതല്‍ പ്രയോജനം ചെയ്യുമെന്നും പഠനം പറയുന്നു.
ഇതിനുപുറമേ ലെപ്റ്റിന്‍ ഗ്രിലിന് എന്നീ ഹോര്‍മോണുകള്‍ ഭാരം കുറയുന്നതിനനുസരിച്ച് ഭക്ഷണ ക്രമീകരണം സാധ്യമാക്കാന്‍ ശരീരത്തെ സഹായിക്കുന്നു. ഭാരം കുറയുമ്പോള്‍ ഈ ഹോര്‍മോണുകളുടെ അളവില്‍ വളരെ വേഗത്തില്‍ മാറ്റം സംഭവിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ശരീരഭാരം കുറയുന്നതില്‍ ആത്മനിയന്ത്രണത്തിനൊപ്പം ഈ ഹോര്‍മോണുകള്‍ക്കും വലിയ പങ്കുണ്ട്.