കാന്‍സറിനെ പടപൊരുതി ആരോഗ്യം കാത്തു രക്ഷിക്കുന്ന പര്‍പ്പിള്‍ ടീ ആണ് ഇന്ന് താരം. ഒരല്പം ചായപ്പൊടിയ്ക്ക് പൊന്നുംവില നല്‍കണം. പക്ഷേ എത്രയായാലും ചായപ്പൊടി സ്വന്തമാക്കുവാന്‍ തിരക്ക് ഏറെയാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് തേയില. അതുകൊണ്ട് തന്നെയാണ് പൊന്നുംവില ഈടാക്കുന്നത്. ഒന്നേകാല്‍ കിലോ തേയില അസം ഗുവഹാട്ടിയിലുള്ള ദുഗര്‍ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് 24,501 രൂപയ്ക്കാണ് വാങ്ങിയത്. അരുണാചല്‍ പ്രദേശിന്റെ ഹൃദയഭാഗമായ സിയാങ് ജില്ലയിലാണ് അപൂര്‍വ ഇനത്തിലുളള പര്‍പ്പിള്‍ തേയില വളരുന്നത്.
നിരവധി ആരോഗ്യ ഗുണങ്ങളുളള ഈ തേയിലയുടെ സ്വദേശം കെനിയ ആണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ ടോക്ലായ് ടീ റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 2015-ല്‍ പുറത്തുവിട്ട പുതിയ പഠനങ്ങളാണ് പര്‍പ്പിള്‍ തേയിലയുടെ ഉറവിടം ഇന്ത്യയാണെന്ന് സ്ഥിരീകരിച്ചത്. തേയില തോട്ടങ്ങളുടെ നാടായ അസം തന്നെയാണ് പര്‍പ്പിള്‍ തേയിലയുടെയും ഉറവിടമത്രേ.
സാധാരണ തേയില ഉണ്ടാക്കുന്ന അതേ പ്രക്രിയിലൂടെയാണ് പര്‍പ്പിള്‍ ചായയും ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ഇലകളുടെ നിറം നിലനിര്‍ത്തുന്നതിന് വേണ്ടി ഓക്സിഡേഷന് ഒഴിവാക്കിയാണ് തേയില തയ്യാറാക്കുന്നതെന്ന് മനോജ് കുമാര്‍ പറഞ്ഞു. പര്‍പ്പിള്‍ തേയില ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണെന്നും കാന്‍സറിനെ പ്രതിരോധിക്കുന്നതാണെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്. വലിയ അളവില്‍ ആന്തോസയാനിന് അടങ്ങിയിരിക്കുന്നതിനാലാണ് ഇതിന് പര്‍പ്പിള്‍ നിറം കൈവന്നിരിക്കുന്നതത്രേ.. ആന്റിഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നതാണ് പര്‍പ്പിള്‍ ടീ.