കയ്പ്പേറിയ നാരങ്ങാ തോടിന് കാന്‍സറിന് പ്രതിരോധിക്കാനാകുമെന്ന് പഠനം. നാരങ്ങയുടെ പുറംതൊലിയില്‍നിന്ന് വേര്‍തിരിച്ച സത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ രക്താര്‍ബുദ വിഭാഗത്തില്‍പ്പെടുന്ന ലിംഫോമയെ തടയുമെന്നാണ് പഠനം. തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഗവേഷണത്തിനു പിന്നില്‍. വ്യത്യസ്തങ്ങളായ ഏഴുതരം നാരങ്ങകളുടെ പുറംതോടില്‍നിന്നുള്ള സത്തുപയോഗിച്ചാണ് ലിംഫോമ കോശങ്ങളില്‍ പരീക്ഷണം നടത്തിയത്.
അതില്‍ സിട്രസ് റെറ്റിക്കുലേറ്റ (മന്ദാരിന്‍ ഓറഞ്ച്/കിനു ഓറഞ്ച്) എന്ന ഓറഞ്ചിന് ലിംഫോമ കോശങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതായി ഡയറക്ടര്‍ ഡോ. പ്രകാശ്കുമാര് പറഞ്ഞു. എലികളിലാണ് പരീക്ഷണം നടത്തിയത്. നെതര്‍ലന്‍ഡില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഫെറ്റോമെഡിസിന്‍ എന്ന അന്തര്‍ദേശീയ ജേണലില്‍ ഗവേഷണഫലം പ്രസിദ്ധപ്പെടുത്തി.
സിട്രസ് റെറ്റിക്കുലേറ്റയുടെ പുറം തോടില്‍നിന്നുമുള്ള സത്ത് നല്കിയ എലികളില്‍ പകുതിയും( അമ്പത് ശതമാനം) ലിംഫോമ കാന്‍സറിനെ പ്രതിരോധിക്കുന്നതായി കണ്ടെത്തി. ജെ.എന്‍.റ്റി.ബി.ജി.ആര്.ഐയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ സിട്രസ് മെഡിക്ക (മാതള നാരങ്ങ) യും ലിംഫോമ കോശങ്ങളെ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മന്ദാരിന്‍, കിനു വിഭാഗത്തില്‍പ്പെട്ട നാരങ്ങയുടെ നീര് എടുത്ത ശേഷം നാം കളയുന്ന പുറംതോടിന് ലിംഫോമയെ തടയാനുള്ള ശേഷിയുള്ളതിനാല്‍ തോടോടുകൂടി അവ ഉപയോഗിക്കുന്നത് കാന്‍സര്‍ പ്രതിരോധത്തിന് ഉത്തമമാണെന്ന് ഗവേഷകസംഘം പറയുന്നു.