എങ്ങനെയാണ് ചെറുപ്പം നിലനിര്‍ത്തുക?എല്ലാവരും ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിച്ചു കാണുമെന്ന് ഉറപ്പാണ്. മനസ്സിന്റെ ആരോഗ്യവും ജീവിതത്തില്‍ നല്ലൊരു ലക്ഷ്യബോധവും ചിട്ടയായ ഭക്ഷണരീതിയും ഉണ്ടെങ്കില്‍ നീട്ടിക്കിട്ടാവുന്ന ഒരു അവസ്ഥ തന്നെയാണ് ആയുസ്സും ആരോഗ്യവും യുവത്വവും. പ്രായത്തെ അതിജീവിക്കാനും ചുറുചുറുക്കുള്ള യുവത്വം നിലനിര്‍ത്താനുമുള്ള ചില ഭക്ഷണങ്ങളെയും മറ്റുചില വിദ്യകളും അറിഞ്ഞിരിക്കാം
‘ഫ്രീ റാഡിക്കല്‍സ്’ എന്നറിയപ്പെടുന്ന ചില ഘടകങ്ങളാണ് നമ്മുടെ ശരീരത്തില്‍ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ കൊണ്ടുവരുന്നത്. ഈ ഫ്രീ റാഡിക്കലുകളെ ഒഴിവാക്കുന്നതാണ് ഒന്നാം പടി. അതിനായി നമ്മെ സഹായിക്കുന്നവയാണ് ‘ആന്റി ഓക്സിഡന്റ്സ്’. നമ്മുടെ നാട്ടില്‍ യഥേഷ്ടം കിട്ടുന്ന മഞ്ഞള്‍, വെള്ളക്കടല, നെല്ലിക്ക, ഓറഞ്ച്, ഉണക്കമുന്തിരി, തുളസി, പെരുംജീരകം എന്നിവ ആന്റി ഓക്സിഡന്റ്സ് വിഭാഗത്തില്‍ പെടുന്നു. ‘ഗ്രീന്‍ ടീ’ എന്നതും ഈ വിഭാഗത്തില്‍ പെടും.
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക എന്നത് വളരെ അത്യാവശ്യമുള്ള ഒന്നാണ്. ശരീരത്തിലെ ജലാംശം കുറയുന്നത് ശരീരത്തില്‍ ചുളിവുകള്‍ വരാന്‍ കാരണമാകും. മാത്രമല്ല, ഡീഹൈഡ്രേഷന് കാരണം ക്ഷീണവും ശരീരത്തിന്റെ ആകമാനമുള്ള പ്രവര്‍ത്തനം തന്നെയും മന്ദഗതിയിലാകും. ദിവസവും എട്ടു മുതല്‍ പത്തു ഗ്ലാസ്സ് വരെയെങ്കിലും വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല, തിളക്കമുള്ള ചര്‍മത്തിനും ഊര്‍ജസ്വലമായ ശരീരത്തിനും അത്യാവശ്യമാണ്. ഇതിനായി വെള്ളംതന്നെ ശരീരത്തില്‍ എത്തണം, അല്ലാതെ ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്ക്സ്, ജ്യൂസ്, മദ്യം എന്നിവ പകരമാകില്ല.
ഭക്ഷണത്തില്‍ ഫലങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഓറഞ്ച്, ആപ്പിള്‍ എന്നിവയെല്ലാം ശരീരത്തെ സഹായിക്കുന്ന വിവിധ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്. ‘കിവി’ പഴം ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നു. കിവി പഴത്തിലുള്ള വിറ്റാമിന്‍-സി ആണ് ഇതിനു പിന്നില്‍.’മുന്തിരി’ അതുപോലെതന്നെ ഒരു നല്ല ഫലം ആണ്. മുന്തിരിയിലെ ‘പോളിഫീനു’കള്‍ കോശങ്ങളുടെ ആരോഗ്യം, കണ്ണുകളുടെ ആരോഗ്യം, അസ്ഥിയുടെ ആരോഗ്യം, തലച്ചോറിന്റെ ആരോഗ്യം, കരള്‍ ആരോഗ്യം എന്നിവയ്ക്കും ഗുണം ചെയ്യും.
പച്ചക്കറികള്‍ ശരീരത്തിന് വേണ്ടുന്ന വളരെയധികം ധാധുക്കളും പോഷണങ്ങളും നല്കുന്നു. ‘കാരറ്റ്’ വളരെ നല്ല പച്ചക്കറിയാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍, കാരറ്റ് കഴിക്കുന്നതു വഴി ആയുസ്സ് കൂട്ടാന്‍ കഴിയുമെന്ന് കേട്ടിട്ടുണ്ടോ? ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയും എക്സിറ്റര്‍ യൂണിവേഴ്സിറ്റിയും നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കാരറ്റില്‍ അടങ്ങിയിട്ടുള്ള ‘കരോട്ടിനോയിഡു’കള്‍, തങ്ങളുടെ ബ്രൈറ്റ് ഓറഞ്ച് നിറത്തിലുള്ള ഘടകം വഴി പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചര്‍മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യും എന്നതാണ്.
ഒരു ഇടത്തരം കാരറ്റ് പ്രതിദിന ശുപാര്‍ശയായ 204 ശതമാനം പ്രതിദിന അളവില്‍ വിറ്റാമിന്‍-എ നല്കുന്നു. പുതിയതും ആരോഗ്യകരവുമായ ചര്‍മകോശങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ആന്റി ഓക്സിഡന്റാണ് വിറ്റാമിന്‍-എ. വിറ്റാമിന്‍-എ ചര്‍മത്തെ ബാക്ടീരിയ, വൈറസ് എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ഭക്ഷണം മാത്രം ചിട്ടപ്പെടുത്തിയതു കൊണ്ട് ആയുസ്സ് കൂട്ടാനോ രോഗങ്ങള്‍ ഇല്ലാതാക്കാനോ കഴിയുകയില്ല. ശരീരത്തിനു വേണ്ട മറ്റു ചിലതുകൂടി നോക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ശരീരത്തിന് വേണ്ടത്ര വിശ്രമം ലഭിക്കേണ്ടതും വേണ്ടത്ര വ്യായാമം ലഭിക്കേണ്ടതും അവശ്യം തന്നെ.
നേരത്തെ കിടന്ന്, നേരത്തെ എഴുന്നേല്‍ക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. രാവിലെയുള്ള ചെറിയ നടത്തം (കൈകള്‍ വീശി) ഉന്മേഷത്തിനും ആരോഗ്യത്തിനും വളരെ വേണ്ടുന്ന ഒന്നുതന്നെ. മനസ്സിന്റെ ശാന്തത ശരീരത്തില്‍ പ്രതിഫലിക്കും എന്നല്ലേ. യോഗ ചെയ്യുന്നതും ധ്യാനിക്കുന്നതും നല്ലതുതന്നെ. നിത്യയൗവനത്തിനുള്ള മറ്റൊരു മരുന്നാണ് പുഞ്ചിരി. പുഞ്ചിരിയിലൂടെ നമ്മള് മസ്തിഷ്കത്തിലേക്ക് നിയതമായ പോസിറ്റീവ് സന്ദേശം ആണ് അയയ്ക്കുന്നത്