നിരന്തരമായി ഡോക്ടര്‍മാര്‍ നമുക്ക് തരുന്ന നിര്‍ദേശമാണ് ഭക്ഷണത്തില്‍ നല്ലൊരളവില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണമെന്ന്. എന്നാല്‍ ഇത്തരം ഭക്ഷണം കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകുമെന്ന് പേടിച്ച് മിക്കപ്പോഴും നാം കഴിക്കാന്‍ കൂട്ടാക്കാറില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണപ്പെടുന്ന ടൈപ്പ് രണ്ട് പ്രമേഹത്തിന്റെ യഥാര്‍ഥകാരണം എന്താണെന്ന് ഇതുവരെ ഗവേഷകര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പാരമ്പര്യഘടകങ്ങള്‍, അമിതവണ്ണം, ആഹാരശീലങ്ങള്‍ എന്നിവയെല്ലാം പ്രമേഹത്തിനു കാരണമാകാറുണ്ട്. ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുമ്പോഴാണ് പ്രമേഹം പിടിപെടുന്നത്. പ്രമേഹം പലതരത്തിലുണ്ട്. ഇതില്‍ തന്നെ ടൈപ്പ് വണ്‍ ഡയബറ്റിസ് കുട്ടികളിലാണ് അധികമായി കാണപ്പെടുന്നത്. ലോകത്താകമാനം ഏറ്റവുമധികം കണ്ടു വരുന്നത് ടൈപ്പ് രണ്ട് ഡയബറ്റിസ് ആണ്. ആഹാരനിയന്ത്രണം തന്നെയാണ് പ്രമേഹം തടയാനുള്ള പ്രധാനമാര്‍ഗം.
സാധാരണയായി പഴവര്‍ഗങ്ങള്‍ കഴിക്കുന്നതു പ്രമേഹം വരാന്‍ കാരണമാകില്ല. ആര്‍ഡിഎ പ്രകാരമുള്ള പഴങ്ങള്‍ കഴിച്ചാല്‍ ഒരിക്കലും പ്രമേഹം പിടിപെടില്ല. അല്ലാത്തവ ചിലപ്പോള്‍ പ്രമേഹത്തിന് കാരണമായേക്കാം. പഴങ്ങളില്‍ ധാരാളം പോഷകമൂല്യങ്ങളുണ്ട്. എന്നാല്‍ ഡ്രൈ ഫ്രൂട്സ് കഴിവതും ഒഴിവാക്കി ഫ്രഷ് ആയിട്ടുതന്നെ പഴങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. മധുരം ഇടാതെയുള്ള പഴച്ചാറുകള്‍ കഴിക്കാനും ശ്രദ്ധിക്കണം.
ഒരാളുടെ പ്രായം, ആരോഗ്യം എന്നീ ഘടകങ്ങള്‍ കൂടി കണക്കിലെടുത്താണ് കഴിക്കേണ്ട ആഹാരത്തിന്റെ കണക്കു നിശ്ചയിക്കേണ്ടത്. പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് അമിതവണ്ണത്തിനു കാരണമാകാറുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും അതുവഴി പ്രമേഹം പിടിപെടുകയും ചെയ്യും.
കാലറി കൂടിയ ആഹാരം കഴിക്കുന്നത്ു തന്നെയാണ് എപ്പോഴും അമിതവണ്ണത്തിനു കാരണമാകുന്നത്. ശരീരഭാരം ക്രമപ്പെടുത്തുക, വ്യായാമം ശീലമാക്കുക എന്നീ ഘടകങ്ങള്‍ കൂടി ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ അത് പ്രമേഹത്തെ തടുത്തുനിര്ത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട.