കൗമാരക്കാരെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം വേണം. പഠനപ്രശ്നങ്ങള്‍, രക്ഷിതാക്കളുമായിട്ടുള്ള സംഘര്‍ഷങ്ങള്‍, ഇന്റര്‍നെറ്റ് അഡിക്ഷന് തുടങ്ങി കൗമാരമനസ്സുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ശാരീരിക ആരോഗ്യപ്രശ്നങ്ങളുടെ കാര്യത്തിലുള്ള ജാഗ്രതയും ശ്രദ്ധയും പലപ്പോഴും മാനസികപ്രശ്നങ്ങള്‍ക്ക് ലഭിക്കാറില്ല. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യമെങ്കില്‍ മാനസികാരോഗ്യപ്രവര്ത്തകരുടെയും കൂട്ടായ പരിശ്രമം ഇത്തരം ഘട്ടങ്ങളില്‍ ആവശ്യമാണ്.
മനോരോഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും മനോരോഗികളോടുളള സമൂഹത്തിന്റെ മനോഭാവവും ഇതിനു കാരണങ്ങളാണ്. മനോരോഗങ്ങളില്‍ പകുതിയോളം യൗവ്വനാരംഭത്തില്‍ തുടങ്ങുന്നവയാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ശാരീരികവളര്ച്ചയ്ക്കൊപ്പം മാനസികവും ബൗദ്ധികവും വൈകാരികവുമായ തലങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്ന പ്രായമായതിനാല്‍ കൗമാരം പ്രത്യേക ശ്രദ്ധയും പരിഗണനയും അര്‍ഹിക്കുന്നു. അതിവൈകാരികതയും എടുത്തുചാട്ടവും പരീക്ഷണത്വരയും ഈ പ്രായത്തില്‍ സ്വാഭാവികമായി കണ്ടുവരുന്നു. പലരും ലഹരിവസ്തുക്കളുടെ ഉപയോഗത്തിനു തുടക്കംകുറിക്കുന്നതും ഈ പ്രായത്തിലാണ്.
അനാവശ്യവും വേവലാതികള്‍ നിറഞ്ഞതുമായ ചിന്തകള്‍, അകാരണഭയം ഇവകൊണ്ട് ജീവിതത്തിന്റെ നിറം കെടുത്തുന്ന ഉത്കണ്ഠരോഗം, അശുഭചിന്തകളും നിരാശാബോധവും സ്വയംമതിപ്പില്ലായ്മയും ചേര്‍ന്ന് ആത്മഹത്യയിലേക്ക് നയിക്കുന്ന വിഷാദരോഗം, സംശയങ്ങളും വിഭ്രാന്തികളും മഥിക്കുന്ന സ്കിസോഫ്രീനിയ, വിഷാദത്തിന്റെയും തീവ്രഉന്മാദത്തിന്റെയും പടവുകള്‍ മാറി മാറി കയറുന്ന ബൈപോളാര്‍ ഡിസോര്‍ഡര്‍ ഇങ്ങനെ യുവതലമുറയെ ബാധിക്കുന്ന മനോരോഗങ്ങള്‍ നിരവധിയാണ്.
നേരത്തെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതും കൃത്യവും ശാസ്ത്രീയവുമായ ചികിത്സ നല്‍കുന്നതും ഏറ്റവും പ്രധാനമാണ്. വ്യക്തിജീവിതത്തില്‍ അനുഭവിക്കുന്ന മനോസംഘര്ഷങ്ങള്, തീവ്രമനോഭിഘാതങ്ങള്ക്ക് കാരണമാകാവുന്ന ദുരന്തങ്ങള്‍, വൈകാരികപ്രശ്നങ്ങള്‍, തൊഴില്‍ജന്യ മാനസികപ്രശ്നങ്ങള്‍ ഇവ അതിജീവിക്കുന്നതിന് എല്ലാവര്ക്കും സാധിച്ചുവെന്നുവരില്ല. ഭാവിയില്‍ തീവ്രമനോരോഗങ്ങളിലേക്ക് നയിക്കാവുന്ന ഇത്തരം പ്രശ്നങ്ങള്‍ ആവശ്യമെങ്കില്‍ വൈദ്യസഹായത്തോടെ പരിഹരിക്കാം.
മനോസംഘര്ഷങ്ങള് ശാരീരികരോഗങ്ങള്ക്കും നിദാനമാകുന്നുവെന്നതിനാല് ഏറെ ശ്രദ്ധ ഇക്കാര്യത്തില്‍ വേണം. വിശ്രമം, വ്യായാമം, വിനോദം എന്നിവയ്ക്കു സമയം കണ്ടെത്തുന്നതും സൗഹൃദങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നതും മനോസംഘര്‍ഷങ്ങള്‍ക്ക് ഒരുപരിധിവരെ അയവു നല്കുന്നു.
ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷാംശങ്ങള്‍ രോഗകാരണമാകുന്നതുപോലെ ഉള്ളിലുള്ള നിഷേധവികാരങ്ങളും ആത്മസംഘര്‍ഷങ്ങളും മനസ്സിനെ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. കോപം, സങ്കടം, ഭയം മുതലായ വൈകാരിക പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനും പരിഹരിക്കാനും സാഹചര്യം ലഭിക്കുന്നത് മാനസികാരോഗ്യത്തിനു വളരെ നല്ലതാണ്.