പലരുടെയും ഒരു പ്രശ്നമാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദം കൂടുന്നതും കുറയുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സമൂഹത്തില്‍ വര്‍ധിക്കുകയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഇപ്പോള്‍ പലരിലും കാണപ്പെടുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം ശരീരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാവും. കേരളത്തില്‍ 40 വയസ്സിന് മുകളിലുള്ള ഉദ്ദേശം 3040 ശതമാനം പേര്‍ക്ക് ഹൈപ്പര്ടെന്ഷന് ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രക്തസമ്മര്‍ദ്ദം നിസാരമായി കാണരുത്. കൃത്യമായ പരിശോധനകള്‍ വേണ്ട രോഗമാണിത്. ബിപി ഇടയ്ക്കിടയ്ക്ക് കൂടുന്നവര്‍ വീട്ടില്‍ തന്നെ രക്ത പരിശോധന നടത്തുന്നത് നല്ലതാണ്. പ്രമേഹം, അമിതവണ്ണം തുടങ്ങിയവ ഉള്ള വ്യക്തിയാണെങ്കിലും ബിപി പരിശോധിക്കണം.
രക്തസമ്മര്‍ദ്ദം ശരിയായ രീതിയില്‍ പരിശോധിച്ചറിയുകയെന്നതു ചികിത്സയിലെ ഏറ്റവും പ്രധാന കാര്യമാണ്. ഒരാളുടെ രക്തസമ്മര്‍ദ്ദം ഏതു നിലയില്‍ നില്ക്കുന്നുവെന്നു കൃത്യമായി അറിയുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണു സ്ഫിഗ്മോമാനോമീറ്റര്‍ എന്ന ബിപി അപ്പാരറ്റസ്. രസം (മെര്‍ക്കുറി) ഉപയോഗിക്കുന്ന മാന്വല്‍ അപ്പാരറ്റസാണ് ആശുപത്രികളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നത്. മെര്ക്കുറികോളം ഉപയോഗിക്കാത്ത വൃത്താകൃതിയിലുള്ള ഡയല് രേഖപ്പെടുത്തിയ അനിറോയ്ഡ് അപ്പാരറ്റസും ലഭ്യമാണ്.
ഈ രണ്ടു വിഭാഗത്തിലും ഒരു സ്റ്റെതസ്കോപ്പിന്റെ കൂടി സഹായത്തോടെയാണ് ബിപി അളവു നിശ്ചയിക്കുന്നത്. ഡോക്ടര്‍ക്കും നഴ്സിനും മാത്രമല്ല പരിശീലിച്ചാല്‍ ആര്‍ക്കും ഇവ ഉപയോഗിച്ച് ബിപി അളക്കാവുന്നതേയുള്ളൂ. എന്നാല്‍ ഡിജിറ്റല്‍ അപ്പാരറ്റസുകള്‍ രംഗത്തുവന്നതോടെ അതീവ ലളിതമായി വീട്ടില്‍ത്തന്നെ വേണ്ടിവന്നാല്‍ സ്വയം ബി പി അളന്നറിയാം എന്നായിട്ടുണ്ട്.
രക്തസമ്മര്‍ദ്ദം പരിശോധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..
1. ആദ്യമായി ബിപി നോക്കുമ്പോള്‍ രണ്ട് കൈകളിലും നോക്കുക. ഏത് കൈയില്‍ ആണോ ബിപി കൂടുതല്‍ ആ കൈയിലായിരിക്കണം പിന്നീട് ബിപി നോക്കേണ്ടത്.
2. ബിപി ഉപകരണം കൈയില്‍ കെട്ടുന്ന ബാന്റിന്റെ നടുഭാഗത്ത് ഒരു ബ്ലാഡര്‍ ഉണ്ട്. ഇതു ഹൃദയത്തിന്റെ നടുഭാഗത്തിന് സമാന്തരമായി വരണം.
3. രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് ചായ, കാപ്പി എന്നിവ കുടിക്കരുത്. പുകവലിയും ഒഴിവാക്കുക.
4. കസേരയില്‍ നടു നിവര്‍ത്തി ഇരുന്ന് തന്നെ പരിശോധിക്കണം
5. ബിപി എടുക്കുന്നതിനു അഞ്ചു മിനിറ്റ് മുമ്പ് വിശ്രമിച്ചിരിക്കണം.
6. ബിപി എല്ലാ ദിവസവും ഒരേ സമയം തന്നെ നോക്കണം.
7. എന്തെങ്കിലും മരുന്ന് കഴിക്കുന്നവര്‍ അത് കഴിക്കുന്നതിന് മുമ്പ് നോക്കണം.
8. വസ്ത്രങ്ങളുടെ പുറത്തോടെ പരിശോധന നടത്തരുത്.