പാലിന്റെ തൂവെള്ള നിറം കണ്ടും പരസ്യങ്ങള്‍ കണ്ടും നാം മയങ്ങരുത്. പരിശുദ്ധമെന്ന് അവകാശപ്പെടുന്നതില്‍ കൂടുതലും മായം ചേര്‍ത്ത് മോഡികൂട്ടിയതെന്ന് കണ്ടെത്തല്‍. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ പാല് സാമ്പിളുകള്‍ പരിശോധിച്ചതില്‍ 65%ത്തിലും മായം കലരുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന പാല്, പാല് ഉത്പന്നങ്ങള്‍ എന്നിവയുടെ 68.7%വും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എഎഎസ്) മാനദണ്ഡമനുസരിച്ചല്ല നിര്‍മ്മിക്കുന്നത്.
സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 89.2 ശതമാനം പാല് ഉത്പന്നങ്ങളും ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ മായം കലര്‍ന്നവയാണ്. കഴിഞ്ഞ സെപ്തംബര്‍ 26 ന് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് വകുപ്പ്(എഫ്ഡിഎ) രണ്ട് കടകളില്‍ നടത്തിയ പരിശോധനയില്‍ അമുല്‍, മഹാനന്ദ, ഗോവര്ധന് തുടങ്ങിയ ബ്രാന്‍ഡഡ് കമ്പനികളുടെ പാല് പായ്ക്കറ്റുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുകയുണ്ടായി. ഇവിടെ യഥാര്‍ത്ഥ പാക്കറ്റുകളില്‍ നിന്നും കമ്പനിയുടെ പാല് മാറ്റി മായം കലര്‍ന്ന പാല് നിറച്ചതായി കണ്ടെത്തിയിരുന്നു.
കാസ്റ്റിക് സോഡ, ഡിറ്റര്‍ജന്റ്, ഗ്ലൂക്കോസ്, റെജിമേന്ഡ് ഓയില്‍, വെളുത്ത പെയിന്റ് എന്നിവയാണ് ഇന്ത്യയില്‍ കൂടുതലായി പാലില്‍ മായം കലര്‍ത്താന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍. പാല്, ക്ഷീരോല്പാദനം എന്നിവ ഉടന്‍ പരിശോധിക്കാത്ത പക്ഷം, 2025 ആകുമ്പോഴേക്കും ഇന്ത്യയിലെ 87%ത്തോളം ജനങ്ങള്‍ക്കും മാരകരോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന(ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കിയിരുന്നു. പാലില്‍ കലരുന്ന ഇത്തരം വസ്തുക്കള്‍ മനുഷ്യശരീരത്തിലെ ആന്തരികാവയവങ്ങളെ മാരകമായ രീതിയില്‍ ബാധിക്കുകയും ഇത് പിന്നീട് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളിലേക്കും വഴിതെളിയിക്കുകയും ചെയ്യുന്നു.