കായിക വിനോദമായ ഗോള്ഫിനെപ്പറ്റി ആരോഗ്യരംഗത്ത് സന്തോഷമുള്ള വാര്‍ത്തയാണുള്ളത്. ആരോഗ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം ആയുസ്സിനും ഗുണമുള്ള ഗോള്‍ഫ് ജീവിതത്തിന്റെ ഭാഗമാക്കാന്‍ നിര്‍ദേശിക്കുകയാണ് എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍.
ദിവസവും ഗോള്‍ഫ് കളിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളും സ്ട്രോക്കിനുള്ള സാധ്യതകളും കുറയ്ക്കുമെന്നും ഇവരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. അപകടസാധ്യത ഏറെ കുറവായ ഗോള്‍ഫ് പ്രകൃതി സൗഹാര്‍ദ്ദമായ ഗെയിം കൂടിയാണ്. മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം പകരുന്ന ഗോള്ഫിന് പ്രായമായവരില്‍ ശാരീരികക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കും.
ഏകദേശം 600 ലക്ഷം പേര് വര്‍ഷത്തില്‍ രണ്ടു തവണ ഗോള്‍ഫ് കളിക്കുന്നുണ്ടെന്നാണ് കണക്ക്. ലഭ്യമായ 342 പഠനങ്ങളും പൊതു ആരോഗ്യം, ആരോഗ്യ നയങ്ങള്‍ എന്നിവയില്‍ പ്രാവീണ്യമുള്ള അന്താരാഷ്ട്രത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന 25 വിഗദ്ധരുമായി നടത്തിയ ചര്‍ച്ചകളും ആധാരമാക്കിയാണ് പുതിയ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.