കൊച്ചി: ഇന്ത്യയിലെ ആദ്യ പ്രീ സീസണ് ടൂര്‍ണമെന്റായ ടൊയൊട്ടാ ലാലിഗ വേള്‍ഡിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ കേരളാ ബ്ലാസ്റ്റേഴ്സസിന് കണ്ണീരോടെ തുടക്കം.
എ ലീഗ് ക്ലബ് മെല്‍ബണ്‍ സിറ്റിക്കെതിരെ മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. യുവതാരം റിലി മക്ഗ്രീ മെല്‍ബണ്‍ വേണ്ടി ഇരട്ടഗോളുകള്‍ നേടി. രണ്ടാം പകുതിയിലാണ് മത്സരത്തിലെ നാലു ഗോളുകള്‍ പിറന്നത്.
28ന് ജിറോണാ എഫ് സിക്കെതിരെയാണ് ടൂര്‍ണ്ണമെന്റിലെ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ അടിച്ച മെല്‍ബണ്‍ രണ്ടാം പകുതിയില്‍ നാല് തവണ കൂടി ലക്ഷ്യം കാണുകയായിരുന്നു. ദാരിയോ വിദോസിച് (30), റിലേ മക്ഗ്രീ (33, 56), ലാച്ലന് വെയില്‍സ് (50), രാമി നജരൈന് (75), ബ്രൂണോ ഫൊര്‍ണറോലി (79) എന്നിവരാണ് മെല്‍ബണ്‍ സിറ്റി എഫ്സിക്കായി ലക്ഷ്യം കണ്ടത്. മിന്നല്‍ നീക്കങ്ങളിലൂടെ ബ്ലാസ്റ്റേഴ്സ് പലകുറി മെല്‍ബണ്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ലക്ഷ്യം കാണാന്‍ മാത്രം സാധിച്ചില്ല. അനസ്, കെ. പ്രശാന്ത് എന്നിവരെ ആദ്യ ഇലവനിലുള്‍പ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് മെല്‍ബണിനെതിരെ ഇറങ്ങിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നെമാഞ്ച, കെസിറോണ്‍ കിസിത്തോ, സിറില്‍ കാലി, പൊപ്ലാറ്റ്നിക് എന്നിവരെ പിന്‍വലിച്ച് റാകിപ്, ഋഷിദത്ത്, പെക്കൂസണ്, സക്കീര്‍ മുണ്ടംപറമ്പ എന്നിവര്‍ക്കും ഡേവിഡ് ജെയിംസ് അവസരം നല്കി. എന്നാല്‍ അനുഭവ സമ്പത്തും കളിമികവും ഒത്തുചേര്‍ന്ന മെല്‍ബണ്‍ സിറ്റിക്ക് മുന്നില്‍ പിടിച്ചു നില്ക്കാന് ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.