ലിസ്ബണ്‍: ബലാത്സംഗ ആരോപണം നേരിടുന്നതിനിടെ ദേശീയ ടീമിന്റെ അടുത്ത രണ്ടുമത്സരങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ, ഫുട്ബോള്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വീണ്ടും തിരിച്ചടി. സ്പോര്‍ട്സ് ഉത്പന്ന രംഗത്തെ വമ്പന്മാരായ നൈക്കി റൊണാള്‍ഡോയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്നും സൂചനയുണ്ട്. 15 വര്‍ഷമായി റൊണാള്‍ഡോയുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള നൈക്കി അവസാനിപ്പിക്കാനൊരുങ്ങുന്നത് 100 കോടി ഡോളറിനുമേല്‍ വിലയുള്ള കരാറാണ്.
റൊണാള്‍ഡോയുമായുള്ള കരാറിന്റെ ഭാഗമായി 15 വര്‍ഷത്തിനിടെ 70-ലേറെ സ്റ്റൈലിലുള്ള ബൂട്ടുകളാണ് നൈക്കി വിപണിയിലിറക്കിയത്. സിആര്‍7 എന്ന പേരോടുകൂടിയ ബൂട്ടുകള്‍ കോടിക്കണക്കിന് വിറ്റഴിയുകയും ചെയ്തു. തങ്ങളുടെ ഏറ്റവും വിലപിടിച്ച അംബാസഡര്ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും അത്തരമൊരു ആരോപണം നിലനില്‍ക്കെ, കരാറുമായി മുന്നോട്ടുപോകുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നും കമ്പനി വ്യക്തമാക്കുന്നു.
2009-ല്‍ അമേരിക്കയിലെ നെവാദയിലെ ഒരു റിസോര്‍ട്ടില്‍വെച്ച് തന്നെ റൊണാള്‍ഡോ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി കാതറിന് മയോര്‍ഗയെന്ന യുവതിയാണ് രംഗത്തുവന്നിട്ടുള്ളത്. റിസോര്‍ട്ടില്‍വെച്ച് ഇരുവരും വളരെ അടുത്തിടപഴകി നൃത്തം ചെയ്യുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച റൊണാള്‍ഡോ, തന്റെ ചെലവില്‍ പ്രശസ്തയാകാനുള്ള ശ്രമമാണ് കാതറിന് നടത്തുന്നതെന്നും തിരിച്ചടിച്ചിരുന്നു.
കാതറിന്റെ പരാതിയിന്മേല് അന്വേഷണം നടത്തുമെന്ന് ലാസ് വേഗസ്സ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് താരം കുടുങ്ങുമോയെന്ന സംശയവും ബലപ്പെട്ടത്. അതിനിടെ, പോര്‍ച്ചുഗലിന്റെ അടുത്ത രണ്ടുമത്സരങ്ങള്‍ക്കുള്ള ദേശീയ ടീമില്‍നിന്നും ക്രിസ്റ്റിയാനോയെ ഒഴിവാക്കി. റൊണാള്‍ഡോ ആവശ്യപ്പെട്ട പ്രകാരമാണ് ഇതെന്ന് ടീമധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഒഴിവാക്കലെന്നാണ് അണിയറ സംസാരം.
സൂപ്പര്ത്താരപദവിയിലേക്ക് കുതിച്ചുയര്‍ന്ന കാലം മുതല്‍ക്കെ റൊണാള്‍ഡോയ്ക്കൊപ്പമുള്ള ബ്രാന്‍ഡാണ് നൈക്കി. 2003 മുതല്‍ നൈക്കിയുടെ അംബാസഡറാണ് റൊണാള്‍ഡോ. ഇപ്പോള്‍ വിവാദമുണ്ടായപ്പോള്‍ ആദ്യം അതില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയതും നൈക്കിയാണ്. നൈക്കിക്ക് പുറമെ ടാഗ് ഹ്യൂവര്‍, ഹെര്‍ബലൈഫ്, അമേരിക്കന്‍ ടൂറിസ്റ്റര്‍ തുടങ്ങിയവയൊക്കെ റൊണാള്‍ഡോയുമായി കരാറിലുണ്ട്. വീഡിയോ ഗെയിം നിര്‍മ്മാതാക്കളായ ഇഎ സ്പോര്‍ട്സും നൈക്കിയെപ്പോലെ ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.