ബംഗളൂരു: ഐഎസ്എല്‍ അഞ്ചാം സീസണില്‍ ചാമ്പ്യന്മാര്ക്ക് തോല്‍വിയോടെ തുടക്കം. കഴിഞ്ഞ ഐഎസ്എല്‍ ഫൈനലിന്റെ ആവര്‍ത്തനം കണ്ട മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബംഗളൂരു എഫ്സി വിജയിച്ചു.
കഴിഞ്ഞ ഫൈനലിലെ പരാജയത്തിന് മറുപടി ആകില്ല എങ്കിലും ബെംഗളൂരുവിന് സന്തോഷം നല്‍കുന്നതാകും ഈ വിജയം. ബെംഗളൂരു എഫ്സി കഴിഞ്ഞ തവണ ചെന്നൈയിനോട് രണ്ട് തവണ കണ്ടീരവയില്‍ ഏറ്റുമുട്ടിയപ്പോഴും പരാജയപ്പെട്ടിരുന്നു.
ആദ്യ പകുതിയില്‍ മികു നേടിയ ഗോളാണ് ബെംഗളൂരുവിന് വിജയം നല്‍കിയത്. കഴിഞ്ഞ സീസണില്‍ കണ്ട ബെംഗളൂരുവിന്റെ താളം ഇന്ന് ബെംഗളൂരു നിരയില്‍ കണ്ടില്ല. സീസണ് തുടക്കമായത് കൊണ്ട് തന്നെ അത് ബെംഗളൂരു ആരാധകര്‍ കാര്യമാക്കില്ല. പുതിയ പരിശീലകന് കാര്‍ലസിന് ഐഎസ്എല്ലില്‍ വിജയ തുടക്കം ലഭിച്ചതിന്റെ സന്തോഷത്തിലാകും ബെംഗളൂരു ആരാധകര്‍.
ചെന്നൈയുടെ ആക്രമണങ്ങള്‍ കൂടുതല്‍ കണ്ട ആദ്യ പകുതിയില്‍ കളിയുടെ ഗതിക്ക് വിപരീതമായാണ് ബെംഗളൂരു ലീഡ് നേടിയത്. 41ആം മിനുട്ടില്‍ മികു ആണ് ബെംഗളൂരുവിന് വേണ്ടി ഗോള്‍ സ്കോര്‍ ചെയ്തത്. സിസ്കോയുടെ പാസില്‍ നിന്നായിരുന്നു മികുവിന്റെ ഫിനിഷ്. കഴിഞ്ഞ സീസണിലും ചെന്നൈയിനെതിരെ മികു ഗോള്‍ നേടിയിരുന്നു.
കളിയില്‍ ഗുര്‍പ്രീത് സിംഗിന്റെ പ്രകടനവും ബെംഗളൂരു ജയത്തില്‍ പ്രധാന പങ്കുവഹിച്ചു. ഇഞ്ച്വറി ടൈമില്‍ ഗ്രിഗറില്‍ നെല്‍സന്റെ ഷോട്ട് സേവ് ചെയ്തത് അടക്കം മികച്ച ഇടപെടലുകള്‍ ഗുര്‍പ്രീതിന്റെ ഭാഗത്ത് നിന്ന് ഇന്നുണ്ടായി.