താന്‍ വിശ്വസിക്കുന്ന കാര്യങ്ങളാണ് ഇതുവരെ പറഞ്ഞിട്ടുള്ളതും, പ്രവര്ത്തിച്ചിട്ടുള്ളതുമെന്ന് യുവനടന് പൃഥ്വിരാജ്. സ്വന്തം തീരുമാനങ്ങളില്‍ ജീവിക്കുന്ന വ്യക്തി ആയതുകൊണ്ടു തന്നെ സത്യത്തില്‍ മാത്രമെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെള്ളൂവെന്നും അദ്ദേഹം പറയുന്നു. പ്രമുഖ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അഭിപ്രായ പ്രകടനം.
ആരുടേയും ഇഷ്ടം പിടിച്ചുപറ്റുക തന്റെ ഉദ്ദേശമല്ലെന്നും താന്‍ വിശ്വസിക്കുന്ന കാര്യങ്ങളാണ് പറയുന്നതും ചെയ്യുന്നതുമെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. സിനിമാ രംഗത്ത് അഭിനയം ഇഷ്ടമാണെങ്കിലും സംവിധാനം തന്നെയാണ് തന്റെ പാഷനെന്നും പൃഥ്വിരാജ് പറയുന്നു. സംവിധാനം ഒരാളുടെ ജീവിതത്തിലെ വലിയ കാര്യങ്ങളിലൊന്നാണ്. മോഹന്‍ലാലിനെപ്പോലൊരു നടനെകൊണ്ട് അഭിനയിപ്പിക്കുന്നത് ഒരു സ്വപ്നം പോലെയാണ്-പൃഥ്വി പറയുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ സ്വീകരിക്കണമെന്ന് താങ്കള്‍ മുന്‍പുപറഞ്ഞിരുന്നല്ലോയെന്ന ചോദ്യത്തിന് നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. മമ്മൂട്ടിയും മോഹന്‍ലാലും ഇന്ന് ലോകസിനിമയിലെ തന്നെ മികവുറ്റ താരങ്ങളാണ്. മറ്റാര്‍ക്കുമില്ലാത്ത രണ്ട് സാധ്യതകള്‍ കൂടി അവര്‍ക്കുണ്ട്. കാണാന്‍ ഉഷാറുള്ള പ്രായമേറിയ ആളായോ അത്രത്തോളം ഉഷാറില്ലാത്ത ചെറുപ്പക്കാരനായോ അഭിനയിക്കാം- പൃഥ്വിപറയുന്നു.
മലയാള സിനിമയില്‍ ശക്തരായ നായികാ കഥാപാത്രങ്ങളുടെ കുറവുണ്ട്. പക്ഷേ അത് വളരെ സ്വാഭാവികമായി കൃത്രിമത്വമില്ലാതെ സംഭവിക്കേണ്ട ഒന്നാണ്. പ്രസ്താവനകള്‍ പറയിക്കാന്‍ വേണ്ടി സൃഷ്ടിക്കുന്ന നായിക കഥാപാത്രങ്ങളല്ല വേണ്ടതെന്നുള്ള അഭിപ്രായമാണ് തനിയ്ക്കുള്ളതെന്നും പൃഥ്വി വ്യക്തമാക്കി. ഒരു സിനിമ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം തിരക്കഥ തന്നെയാണ്. എന്നെ അതിശയിപ്പിക്കുന്ന തിരക്കഥയാണോ എന്നതാണ് പ്രധാനം. സംവിധായകന് രണ്ടാമത്തെ കാര്യമാണെന്നും പൃഥ്വി പറയുന്നു.