കൊച്ചി: ജനങ്ങള്‍ക്കായി ഇറങ്ങുകയെന്നതാണ് തന്റെ ഇനിയുള്ള നീക്കമെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന സംവിധായകന് മേജര്‍ രവി. ജനങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു പാര്‍ട്ടിയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ജനങ്ങളുടെ കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കട്ടെ, ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന് പറയുന്ന സംവിധാനമാണ് ഇവിടുത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും മേജര്‍ രവി പറഞ്ഞു.
ഫേസ്ബുക്ക് ലൈവിലൂടെയാണ് മേജര്‍ രവി ഇക്കാര്യം പറഞ്ഞത്. താങ്കളുടെ പ്രത്യയശാസ്ത്രത്തിന് ട്വന്റി-ട്വന്റി എന്ന സംഘടന ഒത്തുപോകുമെന്ന ഒരാളുടെ കമന്റിന്, തെരഞ്ഞെടുപ്പ് സമയത്ത് ട്വന്റി-ട്വന്റി വോട്ടര്‍മാരെ തല്ലുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയെന്നായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.
‘എന്നെ ഇപ്പോഴും സംശയത്തിലാക്കുന്ന ഒന്ന്, ഏത് പാര്‍ട്ടിക്കാരോടും ജനങ്ങളുടെ എന്തെങ്കിലും കാര്യങ്ങളെകുറിച്ച് ചോദിച്ചാല്‍ പറയുന്നത് അത് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നാണ്. പാര്‍ട്ടിയല്ല തീരുമാനിക്കേണ്ടത്. ജനങ്ങള്‍ തീരുമാനിക്കുന്ന ഒരു പാര്‍ട്ടിയായിട്ട് മാറണം. ഞാന്‍ അങ്ങനെ ഒന്നിനെ കുറിച്ച് ചിന്തിക്കുകയാണ്.’- അദ്ദേഹം പറഞ്ഞു.
‘നിങ്ങളുടെ അഭിപ്രായം എന്താണ്. പാര്‍ട്ടി ചിന്തിക്കും, അല്ലെങ്കില്‍ ഹൈക്കമാന്‍ഡ് പറയട്ടെ എന്ന് പറയാത്തൊരു പാര്‍ട്ടി, അതില്‍ നിങ്ങള്‍ പറയും, നിങ്ങള്‍ ചിന്തിക്കും അങ്ങനെയൊരു പാര്‍ട്ടി. നമുക്ക് വേണ്ടി നമ്മള് പറയും നമുക്ക് വേണ്ടി പാര്‍ട്ടി തീരുമാനിക്കുന്നതല്ല. അതാണ് ഇവിടുത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഞാന്‍ കരുതുന്നത്. നമുക്ക് വിശദമായി സംസാരിക്കാം’- മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.
‘പാര്‍ട്ടി തീരുമാനിക്കട്ടെ, ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന് പറയുന്നതില്‍ നിന്നും മാറി അത് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്ന രീതി എന്തുകൊണ്ട് ആയിക്കൂട. സഭയില്‍ ഒരു ബില്ല് പാസാക്കുന്നു. അത് ജനത്തിന്റെ അടുത്ത് ചോദിക്കണം. പ്രതിപക്ഷത്തിന്റേത് മാത്രമല്ല, ഭരണപാര്‍ട്ടിയില്‍ പോലും ആളുകള്‍ക്ക് അത് പറയാന്‍ അവസരം ഉണ്ടാവണം. ഇതിലെല്ലാം വ്യക്തത വേണം. നിങ്ങള്‍ക്കായി ഇറങ്ങുക എന്നതാണ് ഇനിയുള്ള നീക്കം.
ട്വന്റി-ട്വിന്റി പോലും തെരഞ്ഞെടുപ്പ് സമയത്ത് പാര്ട്ടിക്കാര് പോയിട്ട് തല്ലും വഴക്കും ഉണ്ടാക്കി. ആള്ക്കാര് വോട്ട് ചെയ്യാന്‍ പോയാല്‍ അവരെയെല്ലാം അടിക്കുക ഒതുക്കുക. കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റുമുണ്ട് ഹൈക്കമാന്‍ഡ് തീരുമാനിക്കലും പാര്‍ട്ടി പറയലും. നമുക്ക് ഇതില്‍ നിന്നും മാറ്റം വരുത്താന്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ആലോചിക്കുക. പലര്‍ക്കും വിഷമം ഉണ്ട് ഞാന്‍ കോണ്‍ഗ്രസ് ജാഥയില്‍ പോയത്. ഒരാള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമാണ് അവിടെയുള്ളത്. ‘ എന്നായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.