ചെന്നൈ: ഇനി വെള്ളക്കടുവയ്ക്ക് കൂട്ടായി ശിവകാര്ത്തികേയനുണ്ടാവും. ഇത് സിനിമ അല്ല മറിച്ച് യാഥാര്‍ത്ഥ്യമാണ്. അനു എന്ന് പേരിട്ട വെള്ളക്കടുവയെ ദത്തെടുത്തിരിക്കുകയാണ് പ്രശസ്ത സിനിമാതാരം ശിവകാര്ത്തികേയന്. വണ്ടല്ലൂരിലെ അരിഗ്നര് അണ്ണാ മൃഗശാലയില്‍ നിന്ന് 10 മാസത്തേക്കാണ് അനു എന്ന കടുവയെ അദ്ദേഹം ദത്തെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി നേരത്തേ അദ്ദേഹം മൃഗശാലാ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.
‘വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുക എന്നത് എല്ലാ പൗരന്മാരുടേയും ഉത്തരവാദിത്തമാണ്. മൃഗശാലയിലുളള 174 തരം ജീവികളില്‍ ഒന്നിനെയെങ്കിലും നിങ്ങള്‍ ഓരോരുത്തരും ദത്തെടുക്കണം,’ നടന് പറഞ്ഞു. 10 വയസ് പ്രായമുളള കടുവയെ 2.12 ലക്ഷം രൂപ നല്‍കിയാണ് അദ്ദേഹം ദത്തെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ദത്തെടുക്കുന്നയാള്‍ക്ക് മൃഗങ്ങളെ പരിപാലിക്കാനും മറ്റുമായി മൃഗശാലാ അധികൃതര്‍ ദിനവും അവസരം നല്‍കും.
ഇവയ്ക്ക് ഭക്ഷണം നല്‍കാനും ദത്തെടുക്കുന്നയാളെ അനുവദിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2006ലാണ് ഡല്‍ഹിയിലെ മൃഗശാലയില്‍ നിന്നും അനുവിനെ ചെന്നൈയില്‍ എത്തിക്കുന്നത്. അനുവിനൊപ്പം ഭീഷ്മര്‍ എന്ന ആണ് കടുവയേയും പാര്‍പ്പിച്ചിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം 2009ല്‍ അനു മൂന്ന് വെളളക്കടുവകള്‍ക്ക് ജന്മം നല്കി. അതില്‍ ഒന്ന് ആണും രണ്ടെണ്ണം പെണ്ണുമായിരുന്നു. മൃഗങ്ങളെ ദത്തെടുക്കാനുളള പദ്ധതി 2009 ലാണ് അവതരിപ്പിച്ചത്. ഇത് പ്രകാരം ആര്‍ക്ക് വേണമെങ്കിലും മൃഗങ്ങളുടെ ചിലവ് ഏറ്റെടുത്ത് അവയെ ദത്തെടുക്കാം.