ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ തോല്‍വിയില്‍ പരിശീലകന് രവിശാസ്ത്രി എല്ലാവരോടും മറുപടി പറയണമെന്ന് ഹര്ഭജന് സിങ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് സംസാരിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹത്തിന് മറുപടി പറയേണ്ടി വരും. എല്ലാവരോടും ഉത്തരം പറയാന്‍ അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ടെന്നും ഹര്ഭജന് സിങ് പറഞ്ഞു.
ജയിക്കാന്‍ താത്പര്യമില്ലാതെ കളിച്ചത് വളരെ വേദനിപ്പിച്ചെന്നും കളിയില്‍ തിരിച്ചുവരാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും ഹര്ഭജന് പറഞ്ഞു.
വിദേശപര്യടനങ്ങളില്‍ നല്ല ഓപണിങ് കൂട്ടുകെട്ട് വളരെ പ്രധാനമാണ്. പക്ഷെ എല്ലാ കളിയിലും ഓപണിങ് സഖ്യത്തെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി. പ്ലെയിങ് ഇലവനിലും മാറ്റം വരുത്തി. മധ്യനിര പോലും ശരിയാക്കിയിട്ടില്ല. ലോര്‍ഡ്സില്‍ പേസിനെ പിന്തുണയ്ക്കുന്ന പച്ചപുല്ലായിട്ട് പോലും രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുകകയാണ് ചെയ്തത്. ഇത് അനാവശ്യമായിരുന്നു. ഉമേഷ് യാദവിനെ പോലൊരു മൂന്നാം പേസര്‍ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ ഇംഗ്ലണ്ട് 160-170നുള്ളില്‍ ഓള്ഔട്ടാവുമായിരുന്നെന്നും ഹര്ഭജന് പറഞ്ഞു.
ബാറ്റ്സ്മാനെന്ന നിലയ്ക്ക് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സകോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ബൗളിങ്ങില്‍ ക്യാപ്റ്റന്‍ ആത്മവിശ്വാസം ഇല്ലാത്തത് പോലെയാണ്. ഈ സാഹചര്യത്തില്‍ നന്നായി പന്തെറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിനും ഇന്ത്യയ്ക്കും കാര്യങ്ങള്‍ എളുപ്പമാവില്ല. ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് ഓള്‍റൗണ്ടര്‍ ടാഗ് ഒഴിവാക്കണമെന്നും ഓള്റൗണ്ടറെന്നാല് രണ്ട് ബാറ്റിങ്ങിലും ബൗളിംഗിലും തിളങ്ങണം. സ്റ്റോക്ക്സും കറനും ആദ്യ ടെസ്റ്റിലും വോക്സ് രണ്ടാം ടെസ്റ്റിലും ചെയ്തത് ഇതാണെന്നും ഹര്ഭജന് പറഞ്ഞു.