വെല്ലിങ്ങ്ടണ്‍: കോഹ്ലിയെ പോലൊരു ക്യാപ്റ്റനെ കിട്ടിയത് ഇന്ത്യന്‍ ടീമിന്റെ ഭാഗ്യമാണെന്നും വിരാട് കോഹ്ലിയോട് തനിക്ക് ആരാധനയാണെന്നും കോച്ച് രവി ശാസ്ത്രി പറഞ്ഞു. പാകിസ്താന് ക്രിക്കറ്റ് ടീം മുന്‍ നായകനും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാനെയും വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനെയും കോഹ്ലി അനുസ്മരിപ്പിക്കുന്നുവെന്നും ശാസ്ത്രി വ്യക്തമാക്കി.
ജീവിതത്തില്‍ കണ്ടിട്ടുള്ളവരില്‍ ‘മഹാന്’ എന്ന വിശേഷണത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന വ്യക്തിയാണ് കോഹ്ലിയെന്നും വിവിയന്‍ റിച്ചാര്‍ഡ്സിനെ പോലെ കളിയില്‍ ആധിപത്യം പുലര്‍ത്തുന്ന താരമാണെന്നും എല്ലായിടത്തും അടക്കിഭരിക്കാനാണ് അദ്ദേഹത്തിനു താല്പര്യമെന്നും രവി ശാസ്ത്രി പറഞ്ഞു.
കോഹ്ലിയുടെ ജോലിയോടുള്ള പ്രതിബദ്ധതയും കഠിനാധ്വാനവും പരിശീലനവും പലതും ത്യജിക്കാനുള്ള മനസും അവിശ്വസനീയമാണെന്നും രവി ശാസ്ത്രി പറഞ്ഞു. അക്കാര്യത്തില്‍ മറ്റാരേക്കാളും ആത്മാര്‍ഥതയും കോഹ്ലിക്കുണ്ടെന്നും ശാസ്ത്രി വ്യക്തമാക്കി.
മുന്നില്‍ നിന്ന് നയിക്കുന്നതിലും സ്വയം മാതൃകയാകുന്നതിലും കാര്യങ്ങള്‍ തന്റേതായ രീതിയില്‍ ചെയ്യുന്നതിലുമെല്ലാം പാക് ഇതിഹാസം ഇമ്രാന് ഖാനെയാണ് കോഹ്ലി ഓര്‍മിപ്പിക്കുന്നതെന്നും ഇതുപോലൊരു ക്യാപ്റ്റനെ കിട്ടിയത് ഇന്ത്യന്‍ ടീമിന്റെ ഭാഗ്യമാണെന്നും ശാസ്ത്രി പറഞ്ഞു.
ഇനിയും ക്യാപ്റ്റനെന്ന നിലയില്‍ മികവിലേക്കുയരാന്‍ കോഹ്ലിക്ക് സാധിക്കുമെന്നും അതിനുള്ള സാധ്യതകളും സാഹചര്യങ്ങളും ഇപ്പോള്‍ കോഹ്ലിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ പരമ്പരയിലും അദ്ദേഹം ക്യാപ്റ്റനെന്ന നിലയില്‍ മെച്ചപ്പെടുകയാണെന്നും ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് കോഹ്ലി പുറത്തെടുത്തതെന്നും ശാസ്ത്രി വ്യക്തമാക്കി.