തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സ് ചെറിയ സ്കോര്‍ പോലും പ്രതിരോധിക്കാനാകാതെ വീണതോടെ ഇന്ത്യ എ ടീമിന് ഏകദിന പരമ്പര. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ യുവനിരയുടെ വിജയം 60 റണ്‍സിനായിരുന്നു.
ഇംഗ്ലണ്ട് ലയണ്‍സ് 173 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങി 30.5 ഓവറില്‍ 112 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ഇന്ത്യ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര 30ത്തിന് നേടി. ഇനി ശേഷിക്കുന്നത് രണ്ട് ഏകദിനങ്ങളാണ്. ഈ രണ്ടെണ്ണത്തിലും രഹാനെ കളിക്കില്ല. പകരം അങ്കിത് ബാവ്നയാണ് ഇന്ത്യയെ നയിക്കുക. അവസാന രണ്ട് മത്സരങ്ങളില്‍ സീനിയര്‍ ടീമംഗമായ ഋഷഭ് പന്ത് ടീമിനൊപ്പം ചേരും.
ഇംഗ്ലണ്ട് ലയണ്‍സിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത് 5.5 ഓവറില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യയാണ്. ക്രുണാല്‍ തന്നെയാണ് കളിയിലെ താരവും. സന്ദര്‍ശകരുടെ ടോപ്പ് സ്കോറര്‍ 39 റണ്‍സെടുത്ത ബെന്‍ ഡെക്കറ്റാണ്. രണ്ടക്കം കാണാതെ ആറു ബാറ്റ്സ്മാന്മാര് പുറത്തായി. രണ്ട് വിക്കറ്റ് വീതമെടുത്ത അക്സര്‍ പട്ടേലും നവദീപ് സായ്നിയും ക്രുണാലിന് മികച്ച പിന്തുണ നല്കി. ചാഹര്‍ ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഇന്ത്യ എ ടീം ചാഹറിന്റേയും ഇഷാന് കിഷന്റേയും ബാറ്റിങ് മികവിലാണ് സ്കോര്‍ 150 കടത്തിയത്. ഇഷാന് 30 റണ്‍സടിച്ചപ്പോള്‍ ചാഹര്‍ 39 റണ്‍സ് നേടി. വിലക്ക് പിന്‍വലിച്ച ശേഷം കളത്തിലിറങ്ങിയ കെഎല്‍ രാഹുല്‍ 13 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പൂജ്യത്തിന് പുറത്തായി.