കൃഷ്ണഗിരി: വിദര്‍ഭയ്ക്ക് മുന്നില്‍ രഞ്ജി ട്രോഫി ഫൈനലെന്ന കേരളത്തിന്റെ സ്വപ്നം തകര്‍ന്നു. ഉമേഷ് യാദവിന്റെ പേസ് ബൗളിങ്ങിന് മുന്നില്‍ കളിമറന്ന കേരളത്തിന്റെ ബാറ്റ്സ്മാന്മാര് രണ്ടാമിന്നിങ്സില്‍ 24.5 ഓവറില്‍ 91 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്നിങ്ങ്സിനും 11 റണ്‍സിനും വിജയിച്ച് നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭ ഫൈനല്‍ ടിക്കറ്റെടുക്കുകയായിരുന്നു.
കേരളത്തിന്റെ കുതിപ്പ് വിദര്‍ഭയ്ക്ക് മുന്നില്‍ അവസാനിക്കുന്നത് തുടര്‍ച്ചയായ രണ്ടാം സീസണിലാണ്. കഴിഞ്ഞ തവണ ക്വാര്‍ട്ടറില്‍ തോറ്റ കേരളം ഇത്തവണ സെമിയില്‍ പരാജയപ്പെട്ടുവെന്ന വ്യത്യാസം മാത്രം. തോറ്റെങ്കിലും ചരിത്രത്തിലാദ്യമായി സെമി കളിച്ചുവെന്ന നേട്ടവുമായി കേരളത്തിന് കൃഷ്ണഗിരിയില്‍ നിന്ന് തിരിച്ചുവരാം.
102 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിങ്സില്‍ കളി തുടങ്ങിയ കേരളം ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റിന് 59 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ കേരളം ശേഷിക്കുന്ന ഒമ്പത് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. പുറത്തായ ബാറ്റ്സ്മാന്മാര് അരുണ്‍ കാര്‍ത്തിക് (32), ജലജ് സക്സേന (7), വിഷ്ണു വിനോദ് (15), ക്യാപ്റ്റന്‍ സച്ചിന് ബേബി (0), മുഹമ്മദ് അസറുദ്ദീന് (1), വിനൂപ് (5), രാഹുല്‍ പി (0), ബേസില്‍ തമ്പി (2), സിജോമോന്‍ ജോസഫ് (17), നിധീഷ് എം.ഡി (3) എന്നിവരാണ്.
അഞ്ച് വിക്കറ്റെടുത്ത ഉമേഷ് യാദവും നാല് വിക്കറ്റെടുത്ത താക്കൂറുമാണ് കേരളത്തിന്റെ കഥ കഴിച്ചത്. അരുണ്‍ കാര്‍ത്തിക്ക്, വിഷ്ണു വിനോദ്, സിജോമോന്‍ ജോസഫ് എന്നിവരൊഴികെ ആര്‍ക്കും രണ്ടക്കം കാണാനായില്ല. ആദ്യ ഇന്നിങ്സില്‍ ഏഴു വിക്കറ്റെടുത്തിരുന്ന ഉമേഷ് രണ്ടിന്നിങ്സിലുമായി 12 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി.