ലണ്ടന്‍: സഞ്ജീവ് ചൗളയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. 2000ത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്കിടെ നടന്ന ഒത്തുകളി കേസിലെ പ്രതിയാണ് സഞ്ജീവ് ചൗള. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് അന്തിമ തീരുമാനമെടുക്കും. ഇന്ത്യ 2016ല്‍ ബ്രിട്ടീഷ് പൗരത്വമുള്ള സഞ്ജീവ ചൗളയെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനെ സമീപിച്ചിരുന്നു. എന്നാല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഇന്ത്യയുടെ വാദം തള്ളുകയായിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ച ഇന്ത്യക്ക് അനുകൂലമായ വിധി വന്നു.
1996 വരെ ഇന്ത്യയിലുണ്ടായിരുന്ന ചൗള രാജ്യം വിട്ടത് ബിസിനസ് വിസയിലാണ്. 2000ത്തില്‍ ഒത്തുകളിയില്‍ ഉള്‍പ്പെട്ടതോടെ ഇന്ത്യ ഇയാളുടെ പാസ്പോര്‍ട്ട് റദ്ദാക്കി. എന്നാല്‍ 2005ല്‍ ചൗള യുകെ പാസ്പോര്‍ട്ട് സമ്പാദിക്കുകയായിരുന്നു. 2016ല്‍ ലണ്ടനില്‍വെച്ച് ചൗള അറസ്റ്റിലായതോടെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ തന്നെ നാടുകടത്തരുതെന്നും ഇന്ത്യയിലെ ജയിലുകളില്‍ മതിയായ സൗകര്യമില്ലെന്നും വാദിച്ച് ചൗള പിടിച്ചുനില്‍ക്കുകയായിരുന്നു.
കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ലെഗ്ഗാറ്റ്, ഡിംഗമാന്‍സ് എന്നിവര്‍ ചൗളയുടെ വാദം തള്ളുകയായിരുന്നു. തിഹാര്‍ ജയില്‍ സുരക്ഷിതമാണെന്നും അവിടേക്ക് ചൗളയെ അയക്കുന്നത് അപകടകരമല്ലെന്നുമായിരുന്നു വിധി. വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ കേസില്‍ വാദം തുടരുന്നതിനിടയിലാണ് ചൗളയുടെ കേസില്‍ വിധി വന്നത്. ഇതോടെ വിജയ് മല്യക്കും തിരിച്ചടിയാണ്.
ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യ, ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീന്, അജയ് ജഡേജ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഈ ഒത്തുകളി ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ 2002ല്‍ ഹാന്‍സി ക്രോണ്യ കൊല്ലപ്പെട്ടു. അജയ് ജഡേജയ്ക്കും അസ്ഹറുദ്ദീനും ആജീവനാന്ത വിലക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.