ന്യൂഡല്‍ഹി: 2011ലെ ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങ് കളിക്കളത്തിലെത്തി, ഒരു മത്സരം പോലും കളിക്കാത്ത 408 ദിവസങ്ങള്‍ കഴിഞ്ഞ്. ഒരു ക്രിക്കറ്ററുടെ കരിയറില്‍ ഇത്തരമൊരു അവസ്ഥയെ വളരെ അപൂര്‍വ്വമായിരിക്കും. അതും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിങ്ങിന്റെ കാര്യത്തില്‍.
ഡല്‍ഹിക്കെതിരേ ബുധനാഴ്ച ആരംഭിച്ച രഞ്ജി ട്രോഫി മത്സരത്തില്‍ പഞ്ചാബ് നിരയില്‍ യുവിയുണ്ടായിരുന്നു. ബാറ്റിങ് നിരയില്‍ തന്റെ ഇഷ്ട സ്ഥാനമായ നാലാം നമ്പറില്‍ തന്നെ അദ്ദേഹം ബാറ്റിങ്ങിനിറങ്ങി, 408 ദിവസങ്ങള്‍ക്കു ശേഷം.
പക്ഷേ അദ്ദേഹം ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി. നേരിട്ട 28ാം പന്തിലാണ് യുവി ആദ്യ റണ്‍ കുറിച്ചത്. 88 പന്തുകള്‍ നീണ്ട ഇന്നിങ്സിനൊടുവില്‍ 24 റണ്‍സ് നേടി അദ്ദേഹം പവലിയനിലേക്ക് മടങ്ങി. നാലു ബൗണ്ടറികളടങ്ങിയതായിരുന്നു യുവിയുടെ ഇന്നിങ്സ്.
ഇന്ത്യയുടെ ടെസ്റ്റ് ടീമിന് പുറത്താണ് ആറു വര്‍ഷത്തിലേറെയായി യുവി. കഴിഞ്ഞ വര്‍ഷമാണ് അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ച് യുവി ക്രീസിലെത്തിയത്. അതും ഏകദിനത്തിലും ട്വന്റി 20യിലും. ദേശീയ ടീമില്‍ തിരിച്ചെത്തണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്ന അദ്ദേഹത്തിന് ഇനി അതിനു സാധിക്കുമോ എന്ന കാര്യം സംശയമാണ്.
പറയത്തക്ക പ്രകടനങ്ങളൊന്നും കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കിങ്സ് ഇലവന് പഞ്ചാബിനായി യുവിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല. ഈ സീസണില്‍ താരത്തെ കിങ്സ് ഇലവന് ടീമില്‍ നിലനിര്‍ത്തിയിട്ടുമില്ല. ഇതോടെ ഡിസംബറില്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ ഏതെങ്കിലും ടീം താരത്തെ ടീമിലെടുക്കുമോ എന്ന കാര്യം സംശമാണ്.