കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഈഡന് ഗാര്‍ഡന്‍സില്‍ സ്വപ്ന വിജയവുമായി കേരളം. കളി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ബംഗാളിനെ കേരളം ഒമ്പത് വിക്കറ്റിന് തകര്‍ത്തു. ഈ സീസണില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളം കഴിഞ്ഞ കളിയില്‍ ആന്ധ്രാ പ്രദേശിനേയും ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
ജലജ് സക്സേനയുടെ വിക്കറ്റാണ് 41 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് നഷ്ടപ്പെട്ടത്. സക്സേന 26 റണ്‍സിന് പുറത്തായി. 12 റണ്‍സുമായി അരുണ്‍ കാര്‍ത്തിക്കും രണ്ടു റണ്‍സെടുത്ത രോഹന് പ്രേമും പുറത്താകാതെ നിന്നു.
സ്കോര്‍: ബംഗാള്‍ 147, 184. കേരളം 291, 44/1 എന്നിങ്ങനെയാണ്. 144 റണ്‍സ് വഴങ്ങി രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗാള്‍ 184 റ്ണ്സിന് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരും മൂന്നു വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ് ബംഗാളിനെ അനായാസം പുറത്താക്കിയത്. ഇതോടെ രണ്ടിന്നിങ്സിലുമായി ബേസിലും സന്ദീപും ഏഴു വിക്കറ്റ് വീതം നേടി. നിധീഷ് നാല് വിക്കറ്റുമായി തൊട്ടുപിന്നിലാണ്.
ബംഗാളിന്റെ ബാറ്റിങ് നിരയില്‍ തിളങ്ങാനായത് 62 റണ്‍സെടുത്ത ക്യാപ്റ്റന്‍ മനോജ് തിവാരിക്ക് മാത്രമാണ്. സുദീപ് ചാറ്റര്‍ജി 39 റണ്‍സെടുത്തപ്പോള്‍ അഞ്ച് ബാറ്റ്സ്മാന്മാര് രണ്ടക്കം കാണാതെ പുറത്തായി.
കേരളം ലീഡ് നേടിയത് നേരത്തെ ഒന്നാമിന്നിങ്സില്‍ ഓള്‍റൗണ്ടര്‍ ജലജ് സക്സേനയുടെ കിടയറ്റ സെഞ്ചുറിയുടെ ബലത്തിലാണ്. 147 റണ്‍സിന് ഓള്‍ഔട്ടായ ബംഗാളിനെതിരേ ഒന്നാമിന്നിങ്സില്‍ കേരളം 291 റണ്‍സ് അടിച്ചെടുത്തു.
190 പന്തില്‍ നിന്ന് ജലജ് സക്സേന 143 റണ്‍സെടുത്തു. വിഎ ജഗദീഷ് 39 ഉം അക്ഷയ് ചന്ദ്രന് 32ഉം ക്യാപ്റ്റന്‍ സച്ചിന് ബേബി 23 ഉം റണ്‍സെടുത്തു. മറ്റുള്ളവര്‍ക്കാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. ആറു പേര് ഒറ്റയക്കത്തിനാണ് മടങ്ങിയത്. നാലു വിക്കറ്റെടുത്ത ഇഷാന് പെറലാണ് ബംഗാള്‍ ബൗളര്‍മാരില്‍ വിക്കറ്റ്വേട്ടയില്‍ മുന്നില്‍. മുഹമ്മദ് ഷമി മൂന്നും അശോക് ദിണ്ഡ രണ്ടും വിക്കറ്റ് വീഴ്ത്തി. രണ്ട് കളികളില്‍ നിന്ന് ഏഴ് പോയിന്റുള്ള കേരളം ഇപ്പോള്‍ ഗ്രൂപ്പ് ബിയില്‍ മുന്നിലാണ്. ആറു പോയിന്റുള്ള ബംഗാളാണ് രണ്ടാമത്.