ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകന് മഷ്റഫെ മുര്‍തസ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നു. ഭരണ കക്ഷിയായ അവാമി ലീഗിന്റെ സ്ഥാനാര്‍ഥിയായി താരം അടുത്ത മാസം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പാര്‍ട്ടിവ്യത്തങ്ങള്‍ തന്നെയാണ് പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പ്രധാനമന്ത്രി ഷൈഖ് ഹസീന അംഗീകരിച്ചു.
പ്രധാനമന്ത്രിയുടെ വക്താവ് മത്സരിക്കാന്‍ മുര്‍തസ സമ്മതമറിയിച്ചതായി അറിയിച്ചു. താരം ശൈഖ് ഹസീനക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പത്രങ്ങളുടെ മുന്‍പേജുകളില്‍ വന്നിരുന്നു. ഹസീനക്ക് ബംഗ്ലാദേശില്‍ ഇത് മൂന്നാം ഊഴമാണ്.
മുപ്പത്തഞ്ചുകാരനായ മുര്‍താസ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് ക്രിക്കറ്റില്‍ സജീവമായിരിക്കെയാണ്. താരങ്ങള്‍ക്ക് രാഷ്ട്രീയ പ്രവേശനത്തിന് യാതൊരു തടസ്സവുമില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ക്രിക്കറ്റര്‍മാര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ പുതുമയല്ല. പാകിസ്താനില്‍ ഇമ്രാന് ഖാന് പ്രധാനമന്ത്രിയായതും ഇന്ത്യയില്‍ നവ്ജോദ് സിങ് സിദ്ധുവിന്റെ വിജയവും അതിനുള്ള ഉദാഹരണങ്ങളാണ്.