ഉത്തര്‍പ്രദേശ്: സികെ നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമന്റെില്‍ ബംഗാളും ഉത്തര്‍പ്രദേശും തമ്മിലുള്ള മത്സരത്തിനിടെ ഇടങ്കയ്യന്‍ സ്പിന്നര്‍ ശിവ സിങ്ങിന്റെ 360 ഡിഗ്രിയില്‍ പൂര്‍ണമായി തിരിഞ്ഞ് ബൗളിങ്ങ്. ആ ബൗളിങ്ങ് കണ്ടുനിന്നവരെല്ലാം അന്ധാളിച്ചു. എന്നാല്‍ ബാറ്റ്സ്മാന് അമ്പരപ്പ് പുറത്തുകാണിക്കാതെ പന്ത് പ്രതിരോധിച്ചെങ്കിലും അമ്പയര്‍ വിനോദ് ശേഷന് ഉടന്‍ ഡെഡ് ബാള്‍ വിളിച്ചു.
അനുവദനീയമല്ലാത്ത രീതിയിലുള്ള ബൗളിങ്ങാണിതെന്നാണ് അമ്പയര്‍ വിശദീകരിച്ചത്. ഇതു കേട്ട് ശിവ സിങ്ങും യുപി ടീമിലെ സഹതാരങ്ങളും അമ്പരന്നു. കളത്തിലുണ്ടായിരുന്ന സഹ അമ്പയര്‍ രവി ശങ്കറുമായി സംസാരിച്ച് ഡെഡ് ബാള്‍ ഉറപ്പിച്ച അമ്പയര്‍ ശേഷന് ഇത് ആവര്‍ത്തിച്ചാല്‍ ഇനിയും ഡെഡ് ബാള്‍ തന്നെ വിളിക്കുമെന്ന് ശിവ സിങ്ങിനും യുപി ക്യാപ്റ്റന്‍ ശിവം ചൗധരിക്കും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ക്രിക്കറ്റ് നിയമപ്രകാരം ഇത് അനുവദനീയമാണെന്നാണ് ശിവ സിങ്ങിന്റെ പക്ഷം.
അടുത്തിടെ ഇതേരീതിയില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരെ ബൗള്‍ ചെയ്തതും താരം എടുത്തുപറഞ്ഞു. ബാറ്റ്സ്മാന്മാര്ക്ക് റിവേഴ്സ് സ്വീപിനും സ്വിച് ഹിറ്റിനും അനുമതി നല്കുമ്പോള് ബൗളര്‍മാര്‍ക്ക് ഇത്തരം പരീക്ഷണങ്ങള്‍ക്ക് അനുവാദമില്ലാത്തത് ശരിയല്ലെന്നും ശിവ വാദിക്കുന്നു. ക്രിക്കറ്റ് നിയമസംഹിതയായ എംസിസി നിയമപ്രകാരം ബാറ്റ്സ്മാന്റെ ശ്രദ്ധ തെറ്റിക്കാനുള്ള മനഃപൂര്‍വമായ ശ്രമം (41.4ാം വകുപ്പ്), ബാറ്റ്സ്മാനെ തടസ്സപ്പെടുത്താനുള്ള മനഃപൂര്‍വമായ ശ്രമം (41.5ാം വകുപ്പ്) എന്നിവയിലേതെങ്കിലും പ്രകാരമുള്ള 20.4.2.7 നിയമപ്രകാരമാണ് അമ്പയര്‍ ശിവയുടെ 360 ഡിഗ്രി ബൗളിങ് ഡെഡ് ബാള്‍ ആണെന്ന് വിധിയെഴുതിയത്.
ഇത് ശരിയായ തീരുമാനമാണെന്ന് ലോകംകണ്ട മികച്ച അമ്പയര്‍മാരിലൊരാള്‍ എന്ന വിശേഷണമുള്ളയാളുമായ സൈമണ്‍ ടോഫല്‍ പറഞ്ഞു. ബാറ്റ്സ്മാന്റെ സ്വിച് ഹിറ്റുമായി ഇതിനെ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.